കൊച്ചി: കാൻസർ ജീവിതത്തിന്റെ അവസാനമല്ല, മറിച്ച് പുതിയൊരു ജീവിതത്തിന്റെ തുടക്കമാണെന്നു ഗായിക കെ. എസ്. ചിത്ര. കാൻസെർവ് ചാരിറ്റബിൾ സൊസൈറ്റി കാൻസർ രോഗികളുടെ ചികിത്സാ സഹായധനം കണ്ടെത്താനായി സംഘടിപ്പിക്കുന്ന കെ. എസ്. ചിത്ര മ്യൂസിക്കൽ നൈറ്റ് ലൈവ് ഷോ ’ദി കാൻസെർവ് സിംഫണി ’ യുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ചികിത്സാ ചെലവ് താങ്ങാനാവാത്തവർക്ക് സഹായം ചെയ്യേണ്ടത് സമൂഹത്തിന്റെ കടമയാണ്. കാൻസർ ബാധിതരുടെ ദുരിതങ്ങൾ തനിക്ക് നേരിട്ടറിയാം. തന്റെ അച്ഛനും അമ്മയും മരിച്ചത് കാൻസർ മൂലമാണ്. നേരത്തെ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു മാറ്റാവുന്ന അസുഖമാണ് കാൻസർ. എന്നാൽ അസുഖമുണ്ടെന്ന് അറിഞ്ഞിട്ടും ചികിത്സിക്കാനായി പലരും മുന്നോട്ട് വരുന്നില്ലെന്നതാണ് ദുഖകരമായ സത്യം. സമൂഹത്തിന്റെ കരുതലും കാരുണ്യ സ്പർശവും ഉണ്ടെങ്കിൽ ഏത് മാരകരോഗം ബാധിച്ചവർക്കും ആത്മവിശ്വാസവും മനശാന്തിയും കൈവരും. കാരുണ്യമുള്ള മനസിനു മാത്രമേ ജീവിതവിജയം കൈവരിക്കാൻ കഴിയൂ. സാമൂഹ്യസേവനം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണമെന്നും കാൻസർ രോഗികൾക്കായി പ്രത്യേക ആശ്വാസ പദ്ധതി നടപ്പാക്കണമെന്നും ചിത്ര പറഞ്ഞു.
ലേ മെറിഡിയൻ കണ്വൻഷൻ സെന്റർ ഒമാൻ ഹാളിൽ ഇന്നു വൈകുന്നേരം ആറിനാണ് സംഗീത നിശ. കാൻസർ രോഗത്തെ അതിജീവിച്ച ഏതാനും വനിതകൾ ചേർന്ന് രൂപീകരിച്ച കാൻസെർവ് സൊസൈറ്റി എന്ന കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായി സഹകരിച്ചാണ് കാൻസെർവ് സിംഫണി സംഘടിപ്പിക്കുന്നത്. 5000, 3000, 1500 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ലേ മെറിഡിയൻ ഹോട്ടലിലെ വേദിയിലും ഇന്നു ടിക്കറ്റ് വിൽപനയുണ്ടാകും.
കാൻസർ രോഗികൾക്ക് വേണ്ടി പ്രതിഫലം കൈപ്പറ്റാതെയാണ് കെ.എസ് ചിത്രയുടെ സംഗീത ആലാപനം. 90ഓളം കാൻസർ രോഗികൾക്കാണ് ഇതിനകം കാൻസെർവ് സൊസൈറ്റിയുടെ സഹായഹസ്തം ലഭിച്ചത്. കേരളത്തിലെ വിവിധ ആശുപത്രികളിലും കാൻസെർവ് സൊസൈറ്റി കാൻസർ രോഗികൾക്ക് സഹായം എത്തിച്ചു വരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9446481628, 9895349413 എന്നീ നന്പറുകളിൽ ബന്ധപ്പെടണം. പത്രസമ്മേളനത്തിൽ കാൻസെർവ് ഭാരവാഹികളായ സുജനായർ, കല ജോയ്മോൻ, അംബിക, ജീജ കിഷൻ എന്നിവരും പങ്കെടുത്തു.