എസ്. മഞ്ജുളാദേവി
കെ.എസ്. ചിത്ര പഠിച്ച ഗവണ്മെന്റ് കോട്ടണ്ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രയുടെ സംഗീത അധ്യാപികയായ പൊന്നമ്മ ടീച്ചർ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്;”എപ്പോൾ പാടാൻ പറഞ്ഞാലും യാതൊരു മടിയുമില്ലാതെ അപ്പോൾ തന്നെ ചിത്ര പാടും.’
ചിത്ര വലിയ ഗായികയായി ഉയർന്നുകൊണ്ടിരുന്ന 1985 കാലഘട്ടത്തിലാണ് ചെറിയ ക്ലാസുകളിൽ ചിത്രയെ സംഗീതം പഠിപ്പിച്ച ടീച്ചർ ഇങ്ങനെ പറഞ്ഞിരുന്നത്. അക്കാലത്തെ സിനിമാ മാസികകളിൽ അച്ചടിച്ചുവരുന്ന ചിത്രയുടെ ഫോട്ടകൾ കാണുന്പോൾ വലിയ അഭിമാനത്തോടൊപ്പം ആശങ്കകളും പൊന്നമ്മ ടീച്ചർ പങ്കുവച്ചിരുന്നു.
ചലച്ചിത്രരംഗത്തെ പ്രമുഖരുമൊത്ത് റെക്കോർഡിംഗിനു നില്ക്കുന്ന ഫോട്ടോകൾ സൂക്ഷിച്ചു നോക്കി ചിത്രയുടെ അധ്യാപിക പറയും – “”സിനിമാ രംഗമല്ലേ; പാവം കുട്ടിക്കാണെങ്കിൽ ലോകപരിചയവും കുറവാണ്.’
ചിത്രയുടെ നിഷ്കളങ്കതയെക്കുറിച്ച് സ്വന്തം അമ്മയും ആശങ്കപ്പെട്ടിരുന്നതും സിനിമയിൽ പാടിത്തുടങ്ങുന്ന കാലത്ത് എല്ലാവരെയും നോക്കി ചിരിക്കരുതെന്ന് അമ്മ താക്കീത് നല്കിയതും പല അഭിമുഖങ്ങളിലും ഇപ്പോൾ ചിത്ര പറയാറുണ്ട്.
അതൊരു പ്രത്യേക കാലഘട്ടമായിരുന്നു. ഒതുക്കവും ചിട്ടയും നിയന്ത്രണങ്ങളും എല്ലാമുള്ള കാലം. ഗാനവേദികളിലും പല നിബന്ധനകളും നിലനിന്നിരുന്നു.
മൈക്കിനു മുന്നിൽ അനങ്ങാതെ ഒരു ശിലപോലെ നിന്നുവേണം ഗായികമാർ പാടേണ്ടത് തുടങ്ങിയ അനവധി ശാസനകൾ. ഇന്നു വേദിയെ മുഴുവൻ സ്വന്തം ചലനം കൊണ്ട് യുവഗായികമാർ എടുത്ത് മറിക്കുന്പോഴും ചിത്ര പഴയ ചിത്രയായി നിന്നുതന്നെ പാടുന്നു…
പച്ച പാവാടയും വെള്ള ബ്ലൗസും അണിഞ്ഞ് സ്കൂൾ അസംബ്ലിയിലെ പ്രാർഥനാസംഘത്തിനൊപ്പംനിന്ന് “”സത്യസ്വരൂപ വിഭോ സച്ചിദാനന്ദ…” എന്നു പാടുന്ന ചിത്ര സാധാരണയായ ഒരു പെണ്കുട്ടിയായിരുന്നു. സ്കൂൾ യുവജനോത്സവത്തിൽ “”ഓടക്കുഴൽ വിളി ഒഴുകി ഒഴുകി വരും…”,
“ജയദേവകവിയുടെ ഗീതികൾ കേട്ടെന്റെ രാധേ ഉറക്കമായോ…” തുടങ്ങിയ ലളിതഗാനങ്ങൾ പാടി ഒന്നാം സ്ഥാനത്തെത്തുമായിരുന്നു ചിത്ര. സംസ്ഥാന യുവജനോത്സവങ്ങളിൽ പതിവായി ഒന്നാമതെത്തുന്ന ചിത്ര കോട്ടണ്ഹിൽ സ്കൂളിന്റെ അഭിമാനവുമായിരുന്നു.
എങ്കിലും ഇംഗ്ലീഷ് മീഡിയമായ ’എഫ്’ ഡിവിഷനിൽ പഠിച്ച ചിത്ര ഒതുങ്ങിനടക്കുന്ന ഒരു വിദ്യാർഥിനിയായിരുന്നു. താരമാകാനുള്ള ബഹുമതികൾ ഏറെ ഉണ്ടായിരുന്നുവെങ്കിലും തിളങ്ങിനില്ക്കാത, നാണംകുണുങ്ങിയായി മാറി നില്ക്കുവാനായിരുന്നു ചിത്രയ്ക്കിഷ്ടം.
ഇന്ത്യൻ സംഗീതത്തിന്റെ സൗന്ദര്യമായി ഇന്നു മാറിക്കഴിയുന്പോഴും ഈ ഒതുങ്ങിക്കൂടൽ ചിത്രയ്ക്കൊപ്പമുണ്ട്.പി. സുശീലയും എസ്. ജാനകിയും വാണിജയറാമും പോലുള്ള പ്രമുഖ മറുനാടൻ ഗായികമാർ മലയാള സിനിമാഗാനരംഗം കീഴടക്കിയിരുന്ന കാലത്ത് പതിഞ്ഞ ശബ്ദത്തിൽ പാടിവന്ന ചിത്ര, രംഗം കൈയടക്കുമെന്ന് ആരും കരുതിയില്ല.
മലയാളം തൊട്ട തനതു സ്വരമായിരുന്നു ചിത്രയുടേത്. മലയാളിത്തമുള്ള ശബ്ദവും ശുദ്ധമായ ഉച്ചാരണവും പിന്നെ കൈവന്ന അവസരങ്ങളും ഭാഗ്യവും എല്ലാം ചേർന്ന് ചിത്രയെ ചിത്രയാക്കി.
പിറന്നാളുകൾ പൊതുവെ ആഘോഷിക്കാറില്ല കെ. എസ്. ചിത്ര. അറുപതാം പിറന്നാളിനും ആഘോഷ ചടങ്ങുകൾ ഒന്നുമില്ല. 1963 ജൂലൈ 27നു ജനിച്ച കെ.എസ്. ചിത്രയുടെ നക്ഷത്ര പ്രകാരമുള്ള ജന്മനാൾ ചൊവ്വാഴ്ചയായിരുന്നു (കർക്കടകത്തിലെ ചിത്തിര നക്ഷത്രം)