ശബരിമല സ്ത്രീ പ്രവേശന വിഷയം രാജ്യത്തുടനീളം കത്തി നില്‍ക്കുകയാണ്. സ്ത്രീ പ്രവേശനത്തിനെതിരെയാണ് ബഹുഭൂരിപക്ഷം ഭക്തരും. എന്നാല്‍ സുപ്രീംകോടതി വിധി മറിച്ചായതിനാല്‍ അത് പ്രാവര്‍ത്തികമാക്കും എന്ന നിലപാടില്‍ കേരള സര്‍ക്കാരും.
എന്നിരിക്കിലും ഭക്തരുടെ തീവ്രമായ പ്രതിഷേധം നടക്കുന്നതിനാല്‍ ഇതുവരെയും ഒരു യുവതിയ്ക്കും മല ചവിട്ടാന്‍ കഴിഞ്ഞിട്ടുമില്ല. ശബരിമല യുവതീ പ്രവേശനം രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടിയും ആയുധമാക്കിയിരിക്കുകയാണ്. ഈ അവസ്ഥകളെല്ലാം നിലനില്‍ക്കുമ്പോള്‍ ഉള്ളുരുകുന്നത് യഥാര്‍ത്ഥ ഭക്തരുടേതാണ്.
ഈ അവസരത്തിലാണ് കെ. എസ്. ചിത്ര ആലപിച്ച അയ്യപ്പഭക്തിഗാനം ശ്രദ്ധേയമാകുന്നത്. പതിനെട്ടു തൃപ്പടികളെ കുറിച്ചുള്ള മനോഹരമായ ഗാനമാണ് ചിത്ര ആലപിച്ച ഒന്നാംതൃപ്പടി. എസ്. രമേശന്‍ നായരുടെ വരികള്‍ക്കു രവീന്ദ്രന്‍ മാസ്റ്റര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
മികച്ച പ്രതികരണമാണു സമൂഹമാധ്യമങ്ങളില്‍ ചിത്രയുടെ ഭക്തിയോടെയുള്ള ആലാപനത്തിനു ലഭിക്കുന്നത്. ഗാനത്തില്‍ ശബരിമലയിലെ പതിനെട്ടു പടികളുടെയും പേരും അതിന്റ ഐതിഹ്യവുമായി ഉള്‍പ്പെടുത്തിയിരിക്കുന്നു. തികഞ്ഞ ഒരു അയ്യപ്പ ഭക്ത കൂടിയാണ് ചിത്ര. ശബരിമലയില്‍ മുന്‍വര്‍ഷങ്ങളില്‍ ചിത്ര ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ദൈവീകം എന്നാണു ചിത്രയുടെ ആലാപനത്തെ ആസ്വാദകരും ഭക്തരും പുകഴ്ത്തുന്നത്. ചിത്ര ഭക്തി ഗാനം പാടുന്നത് ഇതാദ്യമല്ലെങ്കിലും മുമ്പത്തേതിനേക്കാള്‍ സ്വീകാര്യതയാണ് പുതിയ പാട്ടിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.