കെഎസ്ആര്‍ടിസിയിയുടെ ചങ്ക് ഡ്രൈവര്‍! ഇന്ധനം ലാഭിക്കുന്ന ജീവനക്കാര്‍ക്ക് ഓരോ ട്രിപ്പിനും ഏര്‍പ്പെടുത്തിയ അലവന്‍സ് മുടങ്ങാതെ വാങ്ങിയ ഏക തൊഴിലാളി; പല റെക്കോഡുകളും സ്വന്തമാക്കിയ വിജയന്‍ പടിയിറങ്ങുന്നു

ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥ കാട്ടുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. ചോറ് തരുന്ന ജോലിയോട് ആത്മാര്‍ത്ഥത കാണിക്കേണ്ടത് ആവശ്യമാണെങ്കിലും താനൊരാള്‍ ആത്മാര്‍ത്ഥത കാണിച്ചതുകൊണ്ട് താന്‍ ജോലി ചെയ്യുന്ന സ്ഥാപനം രക്ഷപെടുമെന്ന് കരുതാന്‍ സാധിക്കാത്തവരാണേറെയും.

എന്നാല്‍ തന്റെ ജോലിയേയും സ്ഥാപനത്തേയും ജീവനുതുല്യം സ്‌നേഹിച്ച ഒരു കെഎസ്ആര്‍ടിസി ഡ്രൈവറുടെ വിരമിക്കലാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി എന്ന സംരഭത്തിനു തന്നെ നഷ്ടമായിരിക്കുന്നത്. കാലാവധി നീട്ടിനല്‍കാന്‍ കെ.എസ്.ആര്‍.ടി.സി.യില്‍ വകുപ്പുണ്ടായിരുന്നെങ്കില്‍ എംഡി തന്നെ അത് അദ്ദേഹത്തിന് നല്‍കുകയും ചെയ്‌തേനെ. കാരണം കെഎസ്ആര്‍ടിസിയ്ക്ക് അത്ര വലിയ മുതല്‍ക്കൂട്ടാണ് ഈ തൊഴിലാളി.

തൃശ്ശൂര്‍ ഡിപ്പോയിലെ ഡ്രൈവറായ കെ.എസ്. വിജയന്റെ കാര്യമാണ് പറഞ്ഞുവന്നത്. മേയ് 31-നാണ് അദ്ദേഹം വിരമിക്കുന്നത്. കെ.എസ്.ആര്‍.ടി.സി.യില്‍ ഇന്ധനം ലാഭിക്കുന്ന ജീവനക്കാര്‍ക്ക് ഓരോ ട്രിപ്പിനും 100 രൂപ വീതം അലവന്‍സ് ഏര്‍പ്പെടുത്തിയ അന്നു മുതല്‍ ഇന്നുവരെ മുടങ്ങാതെ വാങ്ങിയ ഏക തൊഴിലാളി. ഏറ്റവും നല്ല ഡ്രൈവര്‍ക്കുള്ള തൃശ്ശൂര്‍ റീജിയണിന്റെ പുരസ്‌കാരം നേടിയ ഏക വ്യക്തിയും.

18 വര്‍ഷമായി വിജയന്‍ കെ.എസ്.ആര്‍.ടി.സി.യിലുണ്ട്. 15 വര്‍ഷവും തൃശ്ശൂര്‍ ബംഗളൂരു സൂപ്പര്‍ ഡീലക്സ് എയര്‍ ബസിലായിരുന്നു. സര്‍വീസിനിടെ അപകടംപോയിട്ട് ബസിന് ഒരു പോറല്‍ പോലുമുണ്ടായിട്ടില്ല. കെ.എസ്.ആര്‍.ടി.സി. നിഷ്‌കര്‍ഷിക്കുന്ന ഡ്രൈവിംഗ് മൈലേജ് ഒരു ലിറ്ററിന് അഞ്ച് കിലോമീറ്ററാണ്.

വിജയന്‍ വളയം പിടിച്ചാല്‍ മൈലേജ് അഞ്ചിന് മുകളിലെന്ന് ഉറപ്പ്. മിക്ക ദിവസവും മൈലേജ് അഞ്ചര കിലോമീറ്ററായിരിക്കും. വാഹനം നമ്മുടെ സ്വന്തമാണെന്നും ഇന്ധനം അമൂല്യമാണെന്നും കരുതിയാല്‍ മൈലേജ് താനേ വരുമെന്ന് വിജയന്‍ പറയുന്നു.

തൃശ്ശൂരില്‍നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന ബെംഗളൂരു ബസില്‍ തുടര്‍ച്ചയായി 15 വര്‍ഷം. അങ്ങോട്ടും ഇങ്ങാട്ടുമായി 1076 കിലോമീറ്റര്‍. കെ.എസ്.ആര്‍.ടി.സി.യുടെ കണക്ക് പ്രകാരം ബെംഗളൂരുവില്‍ പോയി തിരികെയെത്താന്‍ 210 ലിറ്റര്‍ വേണം. ഡ്രൈവിംഗ് സീറ്റില്‍ വിജയനാണെങ്കില്‍ പരമാവധി 200 ലിറ്ററായിരിക്കും ചെലവാകുക. 184 ലിറ്ററിലൊതുക്കിയും റെക്കോഡിട്ടിട്ടുണ്ട്.

അപകടരഹിതമായ ഡ്രൈവിംഗിനൊപ്പം മികച്ച മൈലേജും നേടിയെടുത്ത വിജയനെത്തേടി കെ.എസ്.ആര്‍.ടി.സി.യുടെ പുരസ്‌കാരം എം.ഡി. ടോമിന്‍ തച്ചങ്കരിയാണ് നേരിട്ടെത്തി സമ്മാനിച്ചത്. തൃശ്ശൂര്‍ പുത്തൂര്‍ വെട്ടുകാട് സ്വദേശിയാണ് കെ.എസ്. വിജയന്‍.

 

Related posts