കൊച്ചി: മലയാളികളുടെ കാതില്‍ തേന്മഴയായി പെയ്തിറങ്ങുന്ന മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാള്‍. ആഘോഷങ്ങളൊന്നുമില്ലാതെ ഗായിക ഇന്ന് എറണാകുളം അങ്കമാലിയിലുണ്ട്.
അങ്കമാലിക്ക് അടുത്തുള്ള ആയുര്‍വേദ ചികിത്സാകേന്ദ്രത്തിലാണ് ചിത്രയും ഭര്‍ത്താവ് വിജയ് ശങ്കറുമുള്ളത്. എല്ലാ വര്‍ഷവും സുഖ ചികിത്സയ്ക്കായി ചിത്ര ഇവിടെ എത്താറുണ്ട്. കുറെ കാലമായി പിറന്നാള്‍ ആഘോഷമില്ല. ഇത്തവണയും അങ്ങനെ തന്നെയാണെന്ന് ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കര്‍ പറഞ്ഞു. മകൾ നന്ദനയുടെ മരണശേഷം ചിത്ര ആഘോഷങ്ങളൊക്കെ ഒഴിവാക്കുകയാണ് പതിവ്.
കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി പ്രണയവും വിരഹവും വിഷാദവുമെല്ലാം ഗാനങ്ങളിലൂടെ സമ്മാനിക്കുന്ന തങ്ങളുടെ പ്രിയ ഗായികയ്ക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് രാവിലെ മുതല്‍ വിളിക്കുന്നത്. പിറന്നാള്‍ സന്ദേശങ്ങളുമെത്തുന്നത്. ഗായകരായ സുജാത മോഹന്‍, ജെന്‍സി ആന്റണി, സംഗീത സംവിധായകന് ശരത് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചിത്രയ്ക്ക് പിറന്നാള്‍ സന്ദേശം അയച്ചിട്ടുണ്ട്.
“ചിത്രക്ക് ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശംസകള്. നീ എന്നും സന്തോഷത്തോടെയും ആരോഗ്യവതിയായും ഇരിക്കുക’ എന്നാണ് സുജാത ആശംസ അറിയിച്ചിരിക്കുന്നത്. “മലയാളത്തിന്റെ വാനമ്പാടി എന്റെ സ്വന്തം ചിരിക്കുടുക്ക സഹോദരി ചിത്ര ചേച്ചിക്കു ഒരായിരം ജന്മദിനാശംസകള് ‘ എന്നാണ് ശരത് കുറിച്ചത്. ആരാധകരുടെ ആശംസാ സന്ദേശങ്ങള്‍ ഫേസ് ബുക്ക്, ഇന്‍സ്റ്റ ഗ്രാം പേജുകളില്‍ നിറയുകയാണ്.
1963 ജൂലൈ 27ന് സംഗീതജ്ഞൻ കരമന കൃഷ്ണൻ നായരുടേയും ശാന്തകുമാരിയുടേയും മൂന്ന് മക്കളിൽ രണ്ടാമത്തവളായാണ് ചിത്രയുടെ ജനനം. അച്ഛനായിരുന്നു ആദ്യ ഗുരു. ചിത്രയെ സ്ഫുടം ചെയ്തെടുത്തത് കർണാടക സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയായിരുന്നു.
ഓമനക്കുട്ടിയുടെ സഹോദരൻ എം.ജി രാധാകൃഷ്ണനാണ് ചിത്രയെന്ന പാട്ടുകാരിയെ മലയാള സിനിമയിലേക്ക് കൈപിടിച്ച് നടത്തിയത്. 1979 ൽ അദ്ദേഹം സംഗീതം നിർവഹിച്ച അട്ടഹാസം എന്ന ചിത്രത്തിലൂടെ. ആ സിനിമ ഒരു വർഷത്തിന് ശേഷമാണ് പുറത്തിറങ്ങിയത്.
അതിനും മുമ്പ് പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലെ അരികിലോ അകലെയോ.. എന്ന ചിത്ര പാടിയ ഗാനം പുറത്തിറങ്ങി. ഞാൻ ഏകനാണ് എന്ന ചിത്രത്തിനു വേണ്ടി സത്യൻ അന്തിക്കാട് രചിച്ച് എം.ജി രാധാകൃഷ്ണൻ സംഗീതമൊരുക്കിയ രജനീ പറയൂ… എന്ന ഗാനം ചിത്രയുടെ ആദ്യ സോളോ ഹിറ്റായി.
1983ൽ പുറത്തിറങ്ങിയ മാമ്മാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിലെ ആളൊരുങ്ങി അരങ്ങൊരുങ്ങി.. എന്ന ഗാനം ചിത്രയുടെ കരിയർ ഗ്രാഫ് ഉയർത്തി. അതോടെ അവസരങ്ങളുടെ വസന്തകാലം ചിത്രയെ തേടിയെത്തി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി മിക്ക ഭാഷകളിലും ആ മധുരശബ്ദം ഒഴുകി നടക്കുന്നു.
1986ൽ പുറത്തിറങ്ങിയ സിന്ധുഭൈരവി എന്ന ചിത്രത്തിലെ പാടറിയേ, പഠിപ്പറിയേ.. എന്ന ഗാനത്തിലൂടെ ചിത്രയ്ക്ക് ആദ്യ ദേശീയ പുരസ്കാരം. 1987 ൽ നഖക്ഷതങ്ങളിലെ “മഞ്ഞൾ പ്രസാദവും… എന്ന ഗാനത്തിന് രണ്ടാമത്തെ ദേശീയ പുരസ്കാരം. ഏറ്റവുമൊടുവിൽ 2004 ൽ തമിഴ് ചിത്രം ഓട്ടോഗ്രാഫിലെ ഒവ്വൊരു പൂക്കളുമേ… എന്ന ഗാനത്തിലൂടെ ചിത്ര ആറാമത്തെ ദേശീയ പുരസ്കാരവും സ്വന്തമാക്കി.
15 സംസ്ഥാന പുരസ്കാരങ്ങൾക്ക് പുറമെ തമിഴ്നാട്, ആന്ധ്ര, കർണാടക, ഒറീസ സർക്കാരിന്റെയും പുരസ്കാരങ്ങൾ ചിത്രയ്ക്ക് ലഭിച്ചിട്ടുണ്ട്. 2005ൽ രാജ്യം പത്മശ്രീ നൽകി ചിത്രയെന്ന പാട്ടിന്റെ പാലാഴിയെ ആദരിച്ചു. തിരുവനന്തപുരം കരമനയിൽ തന്നെയാണ് ചിത്ര ഇപ്പോൾ താമസിച്ചു വരുന്നത്.