കുന്നിക്കോട് : പട്ടാഴി സ്വദേശിയായ വിദ്യാര്‍ഥിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത്.
പൂക്കുന്നിമല മനു വിലാസത്തിൽ വസന്തയുടെ മകൾ അശ്വതിയെ (15) യാണ് മൂന്നിന് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്മ പട്ടാഴി കോളൂർ മുക്കിലെ ബന്ധുവീട്ടിൽ പോയ സമയത്താണ് സംഭവം. ബന്ധുവീട്ടിൽ നിന്നും ഉച്ചകഴിഞ്ഞ് രണ്ടിന് അമ്മയും മകളും ഫോണിൽ സംസാരിച്ചിരുന്നു.
ജന്മദിനം ആയതിനാൽ മധുരപലഹാരങ്ങൾ വാങ്ങി വരണമെന്ന് അശ്വതി ആവശ്യപ്പെട്ടിരുന്നു. നാലിന് അശ്വതിയെ വിളിച്ചെങ്കിലും ഫോൺ എടുത്തിരുന്നില്ല.
വൈകുന്നേരം അഞ്ചോടെ മാതാവ് വീട്ടിൽ എത്തുമ്പോഴാണ് അടുക്കളയോട് ചേർന്ന് കിടപ്പുമുറിയിൽ അശ്വതിയുടെ മൃതദേഹം കാണുന്നത്. ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിനായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു.
സഹോദരൻ മനു തിരുവനന്തപുരത്തെ ഫാമിലെ ജീവനക്കാരനാണ്. അടുക്കളയില്‍ പകുതി ഉപയോഗിച്ച നിലയില്‍ ഒരു കുപ്പി ശീതളപാനീയവും ഒരു കവറിൽ ബിസ്ക്കറ്റും കണ്ടെത്തിയിട്ടുണ്ട്.
ശാസ്ത്രീയ പരിശോധനസംഘവും വിരലടയാള വിദഗ്ധരും അന്നു തന്നെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. തിരുവനന്തപുരത്തെ പോസ്റ്റുമോർട്ടത്തിനുശേഷം ആറിനാണ് മൃതദേഹം സംസ്കരിച്ചത്. സംഭവത്തെ തുടർന്ന് എം എൽ എയ്ക്കും കൊട്ടാരക്കര റൂറൽ എസ് പി ക്കും പരാതി നൽകുവാൻ തയ്യാറെടുക്കുകയാണ് ബന്ധുക്കൾ. കൗമാരക്കാരിയുടെ മരണത്തില്‍ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്ന് നാട്ടുകാരും പറയുന്നുണ്ട്.