ഇരിട്ടി: വർഷങ്ങൾക്കുമുന്പ് അളന്നു തിട്ടപ്പെടുത്തി പൊന്നും വിലയ്ക്കെടുത്ത സ്ഥലം പൂർണമായും ഉപയോഗിക്കാതെ നിർമാണ പ്രവൃത്തി നടത്തുന്നെന്ന് ആരോപിച്ച് കെഎസ്ടിപി റോഡ് പണി ഉളിയിൽ ടൗണിൽ നാട്ടുകാർ തടഞ്ഞു. തലശേരി-വളവുപാറ അന്തർസംസ്ഥാന പാതയുടെ വികസനത്തിനായി ഉളിയിൽ പാലം മുതൽ ടൗൺവരെ ഏറ്റെടുത്ത സ്ഥലമാണ് ഉപയോഗിക്കാതിരിക്കുന്നത്. ഇതേത്തുടർന്ന് 400 മീറ്ററോളം റോഡാണ് വീതികുറച്ചു ടാറിംഗ് പ്രവൃത്തി നടത്തുന്നത്.
റോഡിനും ഓവുചാലിനും നടപ്പാതയ്ക്കുമായി 2005 മുതൽ അളന്നു തിട്ടപ്പെടുത്തി പൊന്നും വിലക്കെടുത്ത സ്ഥലമാണ് പൂർണമായും ഉപയോഗിക്കാതിരിക്കുന്നത്. നേരത്തെ ഈ സ്ഥലം അളന്നുതിട്ടപ്പെടുത്തി സർവേ കല്ലുകൾ സ്ഥാപിച്ചിരുന്നു. 15 മീറ്ററോളം വീതിയിലാണ് ഇപ്പോൾ റോഡ് നിർമാണം നടക്കുന്നത്. ഇതിൽ 10 മീറ്റർ മെക്കാഡം ടാറിംഗും റോഡിനിരുവശവും ഓവുചാലും നടപ്പാതയുമാണ് ഒരുക്കേണ്ടത്.
എന്നാൽ ചില സ്വകാര്യ വ്യക്തികളുടെ താത്പര്യ പ്രകാരം കരാറുകാരെ വരുതിയിലാക്കിയാണ് പ്രവൃത്തിയിൽ മാറ്റംവരുത്തി നിർമാണം നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതേത്തുടർന്നാണ് പ്രവൃത്തി നാട്ടുകാർ തടഞ്ഞത്.
എന്നാൽ സ്വകാര്യ വ്യക്തികൾ സ്ഥലം കയ്യേറിയിട്ടുണ്ടെങ്കിൽ അത് തിരിച്ചെടുത്ത് നിർമാണത്തിന് ഉപയോഗിക്കുമെന്ന് കെഎസ്ടിപി എൻജിനിയർ അറിയിച്ചു.
എൻജിനിയർ വിദ്യ, കൺസൽട്ടന്റ് അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുമായി ചർച്ച നടത്തി. റോഡിനിരുവശവും സർവേ നടത്താനും ചർച്ചയിൽ തീരുമാനമായി. ഇരിട്ടി നഗരസഭാ കൗൺസിലർ എം.പി. അബ്ദുറഹിമാന്റെ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധം നടത്തിയത്.