ആലപ്പുഴ: കെഎസ്ഡിപിയിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വനിത ജീവനക്കാരോട് ഭരണാനുകൂല തൊഴിലാളി സംഘടനാ പ്രവർത്തകനും സ്ഥാപനത്തിലെ സ്ഥിരം തൊഴിലാളിയുമായ ആലപ്പുഴ സ്വദേശി അപമര്യാദയായി പെരുമാറിയെന്ന് പരാതി.
മണ്ണഞ്ചേരി സ്വദേശിനികളാണ് കഴിഞ്ഞദിവസം കെഎസ്ഡിപിയിലെ വൈറ്റമിൻ എ പ്ലാന്റിന്റെ കെട്ടിടത്തിൽ ശുചീകരണ ജോലി ചെയ്തുകൊണ്ടിരിക്കെ ജീവനക്കാരൻ അസഭ്യം പറയുകയും മോശമായ പദങ്ങളുപയോഗിക്കുകയും ചെയ്തതായി കാട്ടി ആലപ്പുഴ വനിത സെല്ലിൽ പരാതി നൽകിയത്.
സംഭവം സംബന്ധിച്ച് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് എംപ്ലോയീസ് അസോസിയേഷൻ എഐടിയുസിയും കെഎസ്ഡിപി എംഡിയ്ക്കും പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് മാനേജ്മെന്റിനെ അറിയിച്ചാൽ സ്ഥാപനത്തിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും ഇദ്ദേഹം ഭീഷണിപ്പെടുത്തിയതായും വനിതാ സെല്ലിൽ നൽകിയ പരാതിയിലുണ്ട്.
ആരോപണ വിധേയനായ വ്യക്തി സ്ഥാപനത്തിൽ നേരത്തെ വനിത ജീവനക്കാർക്കെതിരെ ഇത്തരത്തിൽ ഭീഷണിയുയർത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് മാനേജ്മെന്റിന് പരാതി നൽകിയെങ്കിലും യൂണിയൻ സ്വാധീനമുപയോഗിച്ച് തള്ളിക്കളയുകയാണുണ്ടായതെന്നും നൽകിയ പരാതിയിൽ പറയുന്നു.