കൊച്ചി: ജീവൻരക്ഷാ ഉപകരണത്തിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന നിരവധിപേർക്ക് ആശ്വാസമായി ഇറക്കിയ ഉത്തരവിൽ കൈമലർത്തി അധികൃതർ. ജീവൻരക്ഷാ ഉപകരണങ്ങൾക്ക് സൗജന്യ വൈദ്യുതി നൽകുമെന്നാണ് 2014 ൽ വൈദ്യുതി വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നത്.
എന്നാൽ, നാളിതുവരെയായി വകുപ്പിലെ ഉദ്യോഗസ്ഥർ മാത്രം ഇത്തരമൊരു ഉത്തരവ് കണ്ടതുമില്ല, കേട്ടതുമില്ല.സെക്ഷൻ ഓഫീസുകളിലെ മുതിർന്ന ഉദ്യോഗസ്ഥർക്കുപോലും ഉത്തരവ് എന്തെന്ന് അറിയില്ല.
വൈദ്യുതി വകുപ്പിനെ വിശ്വസിച്ച് രോഗികളുടെ ബന്ധുക്കൾ ഓഫീസ് കയറിയിറങ്ങുന്പോൾ ഉദ്യോഗസ്ഥർ കൈമലർത്തുകയാണ്.
വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോണ്സണ്ട്രേറ്റർ തുടങ്ങിയ ജീവൻരക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി പൂർണമായും സൗജന്യമാക്കിയായിരുന്നു 2014 ലെ ഉത്തരവ്.
ഈ ആനുകൂല്യത്തിന് ശ്രമിച്ചവരോട് 2014ലെ ഉത്തരവ് പ്രകാരം 100 യൂണിറ്റുവരെ സൗജന്യമായി നൽകാനാകൂ എന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന മറുപടി.
വൈദ്യുതി വകുപ്പ് ഉത്തരവ് പ്രകാരം ഗാർഹിക ഉപഭോക്താക്കൾക്കാണ് ആനുകൂല്യത്തിന് അർഹത. വെള്ളപ്പേപ്പറിൽ എഴുതിയ അപേക്ഷ സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയർക്കാണ് നൽകേണ്ടത്.
രോഗി ഉപയോഗിക്കുന്ന ഉപകരണം ജീവൻ നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണെന്ന് സർക്കാർ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വേണം. 200 രൂപയുടെ മുദ്രപ്പത്രത്തിൽ നിർദിഷ്ട സത്യവാങ്മൂലവും സമർപ്പിക്കണം.
ആറുമാസത്തേക്കാണ് സൗജന്യമായി വൈദ്യുതി നൽകുന്നത്. ജീവൻരക്ഷാ സംവിധാനം തുടർന്നും ആവശ്യമാണെന്ന സർട്ടിഫിക്കറ്റ് നൽകിയാൽ ഇളവ് തുടരും. ജീവൻരക്ഷാ ഉപകരണങ്ങൾക്ക് പ്രതിമാസംവേണ്ട വൈദ്യുതി എത്രയാണെന്ന് അസിസ്റ്റന്റ് എൻജിനിയർ കണക്കാക്കണം.