കോതമംഗലം: വൈദ്യുതി കണക്ഷൻ നൽകാതെ കെഎസ്ഇബി ആദിവാസികളിൽനിന്നു ചാർജ് ഈടാക്കുന്നതായി പരാതി. കുട്ടന്പുഴ പഞ്ചായത്തിലെ പന്തപ്രയിൽ സർക്കാർ പുനരധിവസിപ്പിച്ച 67 ആദിവാസി കുടുബങ്ങളാണ് വൈദ്യുതി ചാർജ് നൽകാൻ വിധിക്കപ്പെട്ടിരിക്കുന്നത്.
സർക്കാർ രണ്ടേക്കർ വീതം ഭൂമി പതിച്ചു നൽകി നിർമിച്ച പന്തപ്രയിലെ ഒരു വീട്ടിലും വൈദ്യുതി കണക്ഷൻ നൽകിയിട്ടില്ല.എന്നാൽ നേരത്തെ ഇവർ കൂട്ടമായി താമസിച്ചുകൊണ്ടിരുന്ന വീടുകളിൽ വൈദ്യുതി കണക്ഷൻ ഉണ്ടായിരുന്നു. വീടുകൾ പൊളിച്ചു കളഞ്ഞു സർക്കാർ നൽകിയ സ്ഥലങ്ങളിൽ പുതിയ വീടുകൾ നിർമിച്ച് താമസിച്ചു വരികയാണെങ്കിലും ഇപ്പോഴും പഴയ വൈദ്യുത കണക്ഷന്റെ പേരിൽ ചാർജ് ഈടാക്കുകയാണ്.
പല കുടുംബങ്ങളും മഴക്കെടുതിയുടെ ദുരിതത്തിലാണ്. കൂലിവേല പോലും കുറഞ്ഞു നിത്യവൃത്തിക്കു കഷ്ടപ്പെടുന്പോഴാണ് കെഎസ്ഇബിയുടെ കൊള്ള. കാലാവസ്ഥ പ്രതികൂലമായതിനാൽ വനവിഭവങ്ങൾ ശേഖരിച്ചു ജീവിക്കാനും ഇവർക്കു കഴിയുന്നില്ല.
എന്നാൽ കൃത്യമായി ബിൽ നൽകി പണം ഈടാക്കുന്ന കാര്യത്തിൽ കെഎസ്ഇബി മുടക്കം വരുത്തിയിട്ടില്ല. മാസങ്ങളായി ഇവിടെ താമസിക്കുന്നവർ വൈദ്യുത ചാർജ് അടച്ചുവരികയാണ്. ചിലർക്കു മിനിമം ചാർജ് 98 രൂപയാണെങ്കിൽ മറ്റുചിലർക്കു 200-300 രൂപയാണ് വൈദ്യുത ബിൽ.
സർക്കാർ പുനരധിവസിച്ചപ്പോൾ വൈദ്യുതി ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നു. ഇതിനുള്ള നടപടികൾ ആരംഭിച്ചെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ലൈൻ വലിക്കുന്നതിനുള്ള പോസ്റ്റുകൾ ഇറക്കിയിട്ടിട്ടു മാസങ്ങളായി. പട്ടികവർഗ വകുപ്പ് ഇതിനായി കെഎസ്ഇബിയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തേക്ക് കണക്ഷൻ കൊടുക്കാൻ കെഎസ്ഇബി തയാറായിട്ടില്ല.
റേഷൻ കാർഡിൽ വൈദ്യുതീകരിച്ച വീടെന്നു പതിച്ചിരിക്കുന്നതിനാൽ അരലിറ്റർ മണ്ണെണ്ണയെ ഇവർക്ക് ലഭിക്കുന്നുള്ളു. വനത്തിലെ വീടുകളിൽ മണ്ണെണ്ണ വിളക്കാണ് ഇവർക്ക് ഇപ്പോഴും ആശ്രയം.ആവശ്യത്തിന് മണ്ണെണ്ണ കിട്ടാത്ത പ്രശ്നവും പല കുടുബങ്ങളിലുണ്ട്.
68 കുടുബങ്ങൾക്കു രണ്ടേക്കർ സ്ഥലം വീതമാണ് സർക്കാർ പന്തപ്രയിൽ നൽകിയിട്ടുള്ളത്. ഇവിടെ വീട് നിർമിച്ചു നൽകുന്നതിനുള്ള നടപടിയും കുരുങ്ങികിടക്കുകയാണ്. മരങ്ങൾ മുറിച്ചുനീക്കുന്നതിനുള്ള അനുമതി ലഭിക്കാത്തതാണ് കാരണം.