സ്വന്തം ലേഖകൻ
തൃശൂർ: കേരളത്തിലെ അണക്കെട്ടുകളിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വിധത്തിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. വൈദ്യുതി ബോർഡിന്റെ പരാതി പരിഹാര അദാലത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതു സംബന്ധിച്ച സാധ്യാപഠനം വിജയകരമാണ്. കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. അഞ്ഞൂറു മെഗാവാട്ട് വൈദ്യുതി ഇങ്ങനെ ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ഞൂറു മെഗാവാട്ട് പുരപ്പുറ സൗരോർജ വൈദ്യുതി പദ്ധതിയിലൂടെ ഉൽപാദിപ്പിക്കും. അങ്ങനെ ആയിരം മെഗാവാട്ട് വൈദ്യുതി അധികമായി ഉൽപാദിപ്പിക്കും.
ഇടുക്കിയിൽ ഇപ്പോൾ ഉൽപാദിപ്പിക്കുന്നത്രയും വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന വൈദ്യുതി നിലയം സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കും. ഇതിനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ്. ആവശ്യമായ വൈദ്യുതിയുടെ മുപ്പതു ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നത്.
70 ശതമാനവും പുറത്തുനിന്നു വാങ്ങുകയാണ്. കായംകുളം താപവൈദ്യുതി നിലയത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് ഭീമമായ ഉൽപാദന ചെലവാണ്. അതിനാൽ അവിടെ വൈദ്യുതി ഉൽപാദിപ്പിക്കുന്നില്ല. എന്നാൽ എൻടിപിസിക്ക് വർഷംതോറും ഇരുന്നൂറു കോടി രൂപ നൽകേണ്ടി വരുന്നുണ്ടെന്നും മന്ത്രി മണി പറഞ്ഞു.
അദാലത്തിൽ ആയിരക്കണക്കിനു പരാതികളാണു പരിഹരിച്ചത്. എത്ര പരാതികൾ പരിഹരിച്ചെന്നതു സംബന്ധിച്ച വിശദാംശങ്ങൾ വൈകാതെത്തന്നെ വെളിപ്പെടുത്തും. ഓഖിയും രണ്ടു പ്രളയങ്ങളും വൈദ്യുതി ബോർഡിനു വൻ നഷ്ടമുണ്ടാക്കി.
മൂന്നേകാൽ കോടി ജനങ്ങൾക്കായി ഒന്നേകാൽ കോടി വൈദ്യുതി കണക്ഷനുണ്ട്. രണ്ടാമത്തെ പ്രളയത്തിൽ ഒരു ലക്ഷം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുപോയി. ആറായിരം കിലോമീറ്റർ ലൈനുകൾ വീണ്ടും പണിതുയർത്തേണ്ടിവന്നു. 189 പവർ സ്റ്റേഷനുകൾതന്നെ ഉൽപാദനം നിലച്ചുപോയി. മന്ത്രി മണി പറഞ്ഞു.
ചീഫ് വിപ്പ് കെ. രാജൻ അധ്യക്ഷനായി. എംഎൽഎമാരായ ഗീത ഗോപി, യു.ആർ. പ്രദീപ്, വൈദ്യുതി ബോർഡ് ചെയർമാനും എംഡിയുമായ എൻ.എസ്. പിള്ള എന്നിവർ പ്രസംഗിച്ചു.
അദാലത്തിന് എത്തിയത് നൂറു കണക്കിനു പരാതിക്കാർ
തൃശൂർ: ജില്ലയിലെ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തിയ അദാലത്തിൽ എത്തിയത് നൂറു കണക്കിന് പരാതിക്കാർ. അദാലത്ത് നടന്ന തൃശൂർ റീജണൽ തിയേറ്റർ പരാതിക്കാരേക്കൊണ്ട് നിറഞ്ഞു കവിഞ്ഞു.
സംഘാടകരായ കഐസ്ഇബി, റവന്യൂ ഉദ്യോഗസ്ഥർ നേരത്തെതന്നെ ഹാളിൽ എത്തിയിരുന്നു. റീജണൽ തിയേറ്ററിനകത്ത് ഉണ്ടായിരുന്നത്രയും ആളുകൾ പുറത്തും ഉണ്ടായിരുന്നു. രണ്ടു മാസമായി സ്വീകരിച്ച പരാതികൾക്ക് അധികൃതർ ക്രമനന്പർ നൽകിയിരുന്നു.
പുതിയ പരാതികൾ സ്വീകരിക്കാൻ പ്രത്യേക കൗണ്ടർ സജ്ജീകരിച്ചിരുന്നു. ക്രമനന്പർ അനുസരിച്ച് ഓരോ പരാതിക്കാരേയും വിളിച്ചാണ് തീർപ്പുണ്ടാക്കിയത്. സർവീസ് കണക് ഷൻ, പോസ്റ്റ് മാറ്റൽ, മറ്റുള്ളവരുടെ സ്ഥലത്തുകൂടി ലൈൻ വലിക്കുന്നതിലെ തടസം, മരം മുറിച്ചതിന്റെ നഷ്ടപരിഹാരം, ബിൽ കുടിശിക, വോൾട്ടേജ് ക്ഷാമം തുടങ്ങിയ അനേകം പരാതികളാണ് അദാലത്തിനു മുന്നിലെത്തിയത്.
തൃശൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി.ബി. സിദ്ധാർത്ഥൻ, ഇരിങ്ങാലക്കുട ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ടി.ആർ.സുരേഷ്, തൃശൂർ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എം.പി.ശ്യാമപ്രസാദ്, തൃശൂർ ഇൻവെസ്റ്റിഗേഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ വി.എസ്.ബാലു, തൃശൂർ ജനറേഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി.പ്രസന്ന, തൃശൂർ ഈസ്റ്റ് ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എം.എ.ബൈജു, കുന്നംകുളം ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കെ.കെ.ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.