ഭീമനടി: കെഎസ്ഇബി ഭീമനടി സെക്ഷന്റെ പ്രവർത്തനം സംസ്ഥാനത്തു തന്നെ മാതൃകയാകുന്നു. കേരള സർക്കാരും വൈദ്യുതി ബോർഡും സംയുക്തമായി നടപ്പിലാക്കുന്ന സന്പൂർണ വൈദ്യുതീകരണ പരിപാടിയിൽ ഇതിനോടകം 500 കണക്ഷനുകൾ നല്കി സംസ്ഥാനത്തു തന്നെ മുൻപന്തിയിലെത്തിക്കഴിഞ്ഞു. മലയോര പ്രദേശമായ ഭീമനടി സെക്ഷനു കീഴിൽ 16.500 ഉപഭോക്താക്കളുണ്ട്.
കുന്നുകളും കാടുകളും നിറഞ്ഞ പ്രദേശത്ത് പല സ്ഥലങ്ങളിലും എത്തിപ്പെടാൻ ഏറെ പ്രയാസമാണ്.കുറഞ്ഞ ആളുകളെ വച്ച് ഇത്രയും വേഗം വലിയൊരു നേട്ടം കൈവരിക്കാൻ കഴിഞ്ഞതു ജീവനക്കാരുടെ കൂട്ടായ്മയിലൂടെയാണെന്നു അസിസ്റ്റന്റ് എൻജിനിയർ ടി.വേണു പറഞ്ഞു. ജീവനക്കാർ തന്നെ നിർധന കുടുംബങ്ങൾക്കു സൗജന്യമായി വയറിംഗ് നടത്തി വൈദ്യുതി എത്തിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ചിറങ്കടവ് കോളനിയിലെ വിദ്യാർഥിയായ അർജുൻ സുരേഷിന്റെ വീട്ടിൽ ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സൗജന്യമായാണ് വയറിംഗ് നടത്തി വൈദ്യുതി എത്തിച്ചത്. കുന്നുംകൈ എയുപി സ്കൂളിലെ വിദ്യാർഥി അർജുന് വീട്ടിൽ വൈദ്യുതിയില്ലെന്ന വിവരം മുഖ്യാധ്യാപിക ലിസമ്മ ജോസഫ് അധികൃതരെ അറിയിക്കുകയായിരുന്നു.
കോളനിയിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് എൻജിനിയർ ടി.വേണു സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചു. ഫെഡറേഷൻ പ്രസിഡന്റ് പി.രാജൻ അധ്യക്ഷത വഹിച്ചു. സജീവൻ, മുഖ്യാധ്യാപിക ലിസമ്മ ജോസഫ്, പി.കുഞ്ഞിരാമൻ, സി.എച്ച്. തന്പാൻ എന്നിവർ പ്രസംഗിച്ചു.