സിജോ പൈനാടത്ത്
കൊച്ചി: കനത്ത ചൂടില്‍ സംസ്ഥാനം വൈദ്യുതി ക്ഷാമത്തിലേക്കും നിരക്കു വര്‍ധനവിലേക്കും നീങ്ങിയേക്കുമെന്ന ആശങ്ക നിലനില്‍ക്കേ, കെഎസ്ഇബിക്ക് ഉപഭോക്താക്കളില്‍ നിന്നു കുടിശിക ഇനത്തില്‍ ലഭിക്കാനുള്ള കോടികളുടെ കണക്കുകള്‍ പുറത്ത്. 2018 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ചു, 2645.90 കോടി രൂപയാണു വൈദ്യുതി നിരക്കിലെ കുടിശികയായി പിരിഞ്ഞു കിട്ടാനുള്ളത്. മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനത്തിലധികം തുകയുടെ വര്‍ധനവാണു കുടിശികയില്‍ ഉണ്ടായിട്ടുള്ളത്.
എക്സ്ട്രാ ഹൈടെന്‍ഷന്‍, ഹൈ ടെന്‍ഷന്‍ വിഭാഗങ്ങളിലെ ഉപഭോക്താക്കളില്‍ നിന്നാണ് കൂടുതല്‍ തുക ലഭിക്കാനുള്ളത്. ഒരു കോടി രൂപയ്ക്കു മുകളില്‍ കുടിശിക വരുത്തിയിട്ടുള്ള 240 സ്ഥാപനങ്ങള്‍ ഈ വിഭാഗത്തിലുണ്ട്. ഇതില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉള്‍പ്പെടുമെന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.
ബിനാനി സിങ്ക് ലിമിറ്റഡാണു വൈദ്യുതി വകുപ്പില്‍ കുടിശിക വരുത്തിയിട്ടുള്ളവരില്‍ മുമ്പിലുള്ളത്. 63.17 കോടി രൂപയാണു ബിനാനി സിങ്കിന് 2018 ഡിസംബര്‍ 31 വരെയുള്ള കുടിശിക. ഇതില്‍ 32.47 കോടി രൂപയുടെ കുടിശിക വ്യവഹാര നടപടികളിലാണ്. നിലവില്‍ പ്രവര്‍ത്തനമില്ലാത്ത പെരുമ്പാവൂരിലെ ട്രാവന്‍കൂര്‍ റയോണ്സിനുണ്ട് 27.97 കോടി രൂപ വൈദ്യുതി കുടിശിക.
വാട്ടര്‍ അഥോറിറ്റിയുടെ വിവിധ പദ്ധതികളിലെ വൈദ്യുതി ഉപയോഗത്തിനുള്ള തുക ഇനിയും കെഎസ്ഇബിക്കു കൊടുത്തു തീര്‍ത്തിട്ടില്ല. വാട്ടര്‍ അഥോറിറ്റിയുടെ ആലുവയിലെ ജലശുദ്ധീകരണശാലയ്ക്കും അനുബന്ധ പദ്ധതികള്‍ക്കുമായി 46.15 കോടിയാണു കുടിശികയുള്ളത്. ചൊവ്വരയിലെ ജലശുദ്ധീകരണശാലയ്ക്കു 25.06 കോടി രൂപയാണു കുടിശിക.
വാട്ടര്‍ അഥോറിറ്റിയുടെ പിറവം, നെയ്യാറ്റിന്‍കര, മേവള്ളൂര്‍, കളമശേരി, വടയമ്പാടി, കോട്ടയം, അരുവിക്കര, മട്ടന്നൂര്‍, തിരുവല്ല, നെടുമങ്ങാട്, പറവൂര്‍, തൃശൂര്‍, വര്‍ക്കല, പട്ടുവം, ഷൊര്‍ണൂര്‍, പള്ളുരുത്തി, അടൂര്‍, തിരുവല്ല തുടങ്ങിയ ഓഫീസുകളില്‍ നിന്നും കെഎസ്ഇബിക്കു കോടികള്‍ കിട്ടാനുണ്ട്. എക്സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോഗം നടത്തുന്ന ഹിന്ദുസ്ഥാന്‍ മെഷീന് ടൂള്‍സിനു 3.99 കോടി രൂപയുടെ കുടിശികയുണ്ട്. ഇതില്‍ 2.78 കോടി രൂപ സംബന്ധിച്ചു വ്യവഹാരം നിലനില്ക്കുന്നു.
എറണാകുളം ജനറല്‍ ആശുപത്രി 7.08 കോടി രൂപ കുടിശികയിനത്തില്‍ കെഎസ്ഇബിക്കു നല്‍കണം. ടാറ്റ ടീ ലിമിറ്റഡ് 10.07 കോടി രൂപയും കൊരട്ടിയിലെ കാര്‍ബോറാണ്ടം യൂണിവേഴ്സല്‍ 10.52 കോടിയും കെഎസ്ഇബിക്കു നല്‍കാനുണ്ടെന്നു കൊച്ചി സ്വദേശി രാജു വാഴക്കാലക്കു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ പറയുന്നു.
2017 മാര്‍ച്ച് 31 വരെ 2121.68 കോടി രൂപയായിരുന്നു വൈദ്യുതിവകുപ്പിനു കുടിശികയിനത്തില്‍ പിരിഞ്ഞു കിട്ടാനുണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ 2645.90 കോടി രൂപയായി ഉയര്‍ന്നത്. 21 മാസം കൊണ്ടു 524.22 കോടിയാണു കുടിയികയിനത്തില് വര്‍ധിച്ചത്.