പത്തനംതിട്ട: കഴിഞ്ഞവർഷത്തെ അധികച്ചെലവ് ഉൾപ്പെടെ കണക്കാക്കി കെഎസ്ഇബി സർച്ചാർജ് ഏർപ്പെടുത്തി ഉത്തരവിറങ്ങുന്നതിനു മുന്പേ ബില്ലുകളിലെ അധികനിരക്ക് ഉപഭോക്താക്കളെ ഞെട്ടിച്ചു. ജില്ലയിൽ മീറ്റർ റീഡിംഗ് നടത്തി രണ്ടു മാസത്തെ വൈദ്യുതി ഉപഭോഗത്തിനു നൽകിയിരിക്കുന്ന ബില്ല് കണ്ട് പലരും അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ്.
വൈദ്യുതി ഉപഭോഗവും നിരക്കും തമ്മിൽ യാതൊരു പൊരുത്തവുമില്ലാതെയാണ് പലയിടത്തും ബില്ലുകൾ നൽകിയിരിക്കുന്നത്. മൂന്നിരട്ടിയിലധികം തുകയാണ് പലരുടെയും ബില്ല്. പരാതിപ്പെട്ടവരോട് ബില്ലടച്ചിട്ട് പരാതി പരിഗണിക്കാമെന്ന മറുപടിയാണ് അധികൃതർ നൽകിയിരിക്കുന്നത്. യൂണിറ്റിന് 10 പൈസ വീതം സർച്ചാർജ് ഇന്നലെ മുതൽ ഈടാക്കുമെന്നാണ് സംസ്ഥാന വ്യാപകമായി കെഎസ്ഇബി പറഞ്ഞിരുന്നത്.
വൈദ്യുതി ഉപഭോഗം കൂടിയ മാസമെന്ന നിലയിലാണ് ചാർജ് വർധന. വൈദ്യുതി നിരക്ക് കഴിഞ്ഞ ജൂലൈയിൽ കൂട്ടിയിരുന്നു. ഇതിനുശേഷമുള്ള കാലയളവിലെ മീറ്റർ റീഡിംഗ് കണക്കാക്കി ഇത്തവണ ബില്ലിൽ പലർക്കും വർധനയെന്നാണ് പറയുന്നത്. 2019 ഏപ്രിൽ – ജൂണ് മാസങ്ങളിൽ ഉത്പാദനത്തിൽ ഉണ്ടായ അധികച്ചെലവിന്റെ പേരിലാണ് സർച്ചാർജ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഇതിനു മുന്പേ വൈദ്യുതി ബില്ലുകളിലുണ്ടായ വർധനയെ സംബന്ധിച്ച് വ്യക്തമായ മറുപടി നൽകുന്നതുമില്ല. പഴയനിരക്കിലാണ് വൈദ്യുതി നിരക്ക് കണക്കാക്കിയിരിക്കുന്നതെന്നും വൈദ്യുതി ഉപഭോഗം കൂടിയ പശ്ചാത്തലത്തിൽ അധികം വന്ന ഉപഭോഗത്തിന്റെ നിരക്ക് വർധിച്ച യൂണിറ്റ് നിരക്കിലായതാണ് ബില്ല് വർധിക്കാൻ കാരണമെന്നും അധികൃതർ പറയുന്നു.
തകരാറിലായ മീറ്ററുകൾ കഴിഞ്ഞ രണ്ടുമാസത്തിനിടെ മാറിവച്ചിരുന്നു. ഇത്തരത്തിൽ മാറ്റിവച്ച മീറ്ററുകളിലെ റീഡിംഗ് കൂടി കണക്കാക്കി പഴയ ഉപഭോഗ നിരക്കിൽ നിന്നും മാറിയതും ബില്ല് കൂടിയതിനു കാരണമായിട്ടുണ്ടാകാമെന്നാണ് വിശദീകരണം.