പത്തനംതിട്ട: ജില്ലയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വരുത്തിയ വൈദ്യുതബിൽ കുടിശിക 20 കോടി രൂപ കടന്നു. മാസങ്ങളായി ഒരു രൂപപോലും വൈദ്യുതബില്ല് അടയ്ക്കാത്ത നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുണ്ട്. പോലീസ്, വില്ലേജ് ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, ആശുപത്രികള്‍, ജലഅഥോറിറ്റി തുടങ്ങിയവയാണ് പ്രധാനമായും കുടിശിക വരുത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ അവശ്യസേവന വിഭാഗമെന്ന ഒറ്റ പരിഗണനയിലാണ് കെഎസ്ഇബി ഈ സ്ഥാപനങ്ങളുടെ ഫ്യൂസ് ഊരാതിരിക്കുന്നത്.
സര്‍ക്കാര്‍ ഗ്രാന്റ് ലഭിച്ചാലും വൈദ്യുതിബിൽ അടയ്ക്കാത്തത് പോലീസ് വകുപ്പാണെന്ന് പറയുന്നു. 2.3 കോടി രൂപ കുടിശികയുണ്ട്. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കു വരുന്നപണം തികയാറില്ലെന്നാണ് വകുപ്പിന്റെ വിശദീകരണം. ജനറല്‍ ആശുപത്രിയും ആരോഗ്യവകുപ്പും പോലീസും കഴിഞ്ഞാല്‍ മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ എല്ലാംകൂടി 4.5 കോടി രൂപയാണ് കുടിശികയായി നല്‍കാനുള്ളത്.
കുടിശികയില്‍ അല്പമെങ്കിലും പിന്നിലുള്ളത് വില്ലേജ്, പഞ്ചായത്ത് ഓഫീസുകളാണ്. ഈ ഓഫീസുകള്‍ക്ക് രണ്ടു മാസത്തിലധികം കുടിശിക ഉണ്ടാകാറില്ല.
ജല അഥോറിറ്റി നല്‍കേണ്ടത് ഒമ്പതു കോടി
വൈദ്യുതി കുടിശികയുടെ പേരില്‍ എന്നും പഴികേള്‍ക്കുന്ന ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ഓഫീസ് ജല അഥോറിറ്റിയാണ്. അടിക്കടി വെള്ളക്കരം വര്‍ധിപ്പിച്ച് പണം ഊറ്റുന്ന ജല അഥോറിറ്റി സ്വന്തം കുടിശിക അടയ്ക്കാന്‍ മെനക്കെടാറില്ലെന്നതാണ് കാരണം. വൈദ്യുതി ഉപയോഗിച്ചുള്ള പമ്പിംഗിന്റെ തുകയാണിത്. ഇതേ വെള്ളം വിറ്റ് ജല അഥോറിറ്റി പണം വാങ്ങിയിട്ടുമുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ 52 കോടിയായിരുന്നു കുടിശിക. പണം അടച്ചില്ലെങ്കില്‍ കണക്ഷന് വിച്ഛേദിക്കുമെന്ന് ചൂണ്ടിക്കാട്ടി വിവിധ സമയങ്ങളില്‍ നോട്ടീസ് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഒടുവില്‍, സര്‍ക്കാര്‍തലത്തില്‍ ഇടപെട്ടതിനേത്തുടര്‍ന്ന് 50 കോടി അടച്ചു.
9.1 കോടി രൂപ ഇപ്പോഴും കുടിശികയായി അവശേഷിക്കുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നുള്ള പണം തങ്ങള്‍ക്കും കിട്ടാനുണ്ടെന്ന് ജല അഥോറിറ്റിയുടെ പരിഭവം. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍നിന്നു മാത്രം 1.5 കോടി രൂപയോളം വെള്ളക്കരം ഇനത്തില്‍ ലഭിക്കാനുണ്ട്.
ജനറല്‍ ആശുപത്രിക്ക് ഇളവ്
പത്തനംതിട്ട ജനറല്‍ ആശുപത്രി നാലുകോടിയോളം രൂപ കുടിശിക വരുത്തിയിട്ടുണ്ട്. ആശുപത്രി ജില്ലാ പഞ്ചായത്തിന് കൈമാറിയതോടെ കുടിശികയുടെ ബാധ്യത നഗരസഭയില്‍നിന്ന് ഒഴിവായെന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ കോവിഡ് കാലത്തെ ഉള്‍പ്പെടെ പണം അടയ്ക്കാനുണ്ടെന്ന് കെഎസ്ഇബി പറയുന്നു. ഓരോ തവണയും മൂന്നുലക്ഷത്തോളം രൂപയാണ് ബില്ലായി വരുന്നത്.
ജില്ലാ പഞ്ചായത്തിന് കൈമാറിയ ശേഷം 64,000 രൂപയുടെ കുടിശികയാണുള്ളത്. നഗരസഭയുടെ അധീനതയിലുള്ളപ്പോഴത്തെ പണത്തിന്റെ കാര്യത്തില്‍ തീരുമാനമില്ല. ആശുപത്രിയെന്ന പരിഗണനയില്‍ കണക്ഷന് വിച്ഛേദിക്കാന്‍ കെഎസ്ഇബിക്കാകില്ല. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിക്കും അടൂരിലെ ജനറല്‍ ആശുപത്രിക്കും കുടിശികയുണ്ട്. നിലവിലെ കണക്കില്‍ നാലു കോടി രൂപ ആശുപത്രികള്‍ അടയ്ക്കാനുണ്ട്.
സാധാരണക്കാരനു ഷോക്ക് നല്കാന് മടിയില്ല
സര്‍ക്കാര്‍ ഓഫീസുകളിലെ കുടിശിക നിലനില്ക്കുമ്പോള്തന്നെ സാധാരണ ഉപയോക്താക്കള്‍ക്ക് കെഎസ്ഇബി നല്‍കുന്നത് ഇരുട്ടടിയാണ്. കഴിഞ്ഞമാസം നല്കിയ ബില്ലില്‍ എല്ലാ ഉപഭോക്താക്കളില്‍നിന്നും ഡെപ്പോസിറ്റ് തുക വീണ്ടും വാങ്ങി.
ഉപഭോഗത്തിനനുസരിച്ച് ഡെപ്പോസിറ്റ് ഇല്ല എന്ന പേരിലാണ് അധികതുക വാങ്ങിയിരിക്കുന്നത്. ഇത് എല്ലാവര്‍ഷവും കെഎസ്ഇബി വാങ്ങിവരികയാണ്. ഏപ്രില്‍, മേയ് മാസങ്ങളിലെ വേനല്‍ച്ചൂടില്‍ വൈദ്യുതി ഉപയോഗം വര്‍ധിച്ചതിന്റെ പിന്നാലെയാണ് ഡെപ്പോസിറ്റ് ശേഖരണത്തിന് കെഎസ്ഇബി ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ പല സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഡെപ്പോസിറ്റ് തുകതന്നെയില്ല.
വൈദ്യുതി ബില്ല് കൃത്യ തീയതിയില്‍ അടച്ചിട്ടില്ലെങ്കില്‍ പിറ്റേന്നുതന്നെ ഫ്യൂസ് ഊരാന്‍ പടിവാതില്ക്കലെത്തുന്നവരാണ് കെഎസ്ഇബി ജീവനക്കാര്‍.