പഴയങ്ങാടി: കോവിഡ് കാരണം മീറ്റർ റീഡിംഗ് എടുക്കാതിരുന്ന വൈദ്യുത ബോർഡ് നാല് മാസങ്ങൾക്ക് ശേഷം റീഡിംഗ് എടുത്ത് ബില്ല് നൽകിയപ്പോൾ ഉപഭോക്താവ് അക്ഷരാർഥത്തിൽ ഷോക്കടിച്ചു.രണ്ടു മാസം കൂടുമ്പോൾ 1000 രൂപ വൈദ്യുത ബില്ലായി കിട്ടിയിരുന്ന ഉപഭോക്താവിന് 10,000 രൂപയ്ക്ക് അടുത്തായി ബില്ല്.
സെക്ഷൻ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ പൈസ മുഴുവനായി അടയ്ക്കണമെന്നും പരാതി പിന്നീട് പരിശോധിക്കാമെന്നുമാണ് പറഞ്ഞത്. മിക്കവാറും വീടുകളിലെ വൈദ്യുത ബില്ലിലും ഇത്തരത്തിൽ വർധനയുണ്ട്.
രണ്ടുമാസം 3000 രൂപ ബില്ല് അടയ്ക്കുന്ന പുതിയങ്ങാടി കോഴിബസാറിലെ ഒരു ഉപഭോക്താവിന് വന്ന ബില്ല് 69,275 രൂപയാണ്. ബില്ലിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പഴയങ്ങാടി മേഖലാ കമ്മിറ്റി എരിപുരം വൈദ്യുതി ഓഫീസിലേക്ക് മാർച്ചിന് ഒരുങ്ങുകയാണ്.