മൂലമറ്റം: വൈദ്യുതി ബിൽ അടയ്ക്കാൻ താമസിച്ചതിനു അസഭ്യം പറഞ്ഞവർക്കെതിരേ എസ് ഐ പരാതി നൽകി. കൃത്യ സമയത്ത് വൈദ്യുതി ബിൽ അടയ്ക്കാൻ താമസിച്ചതിനു കാഞ്ഞാർ എസ്ഐ ജോണ് സെബാസ്റ്റ്യനെ കെ എസ് ഇ ബി ജീവനക്കാർ ഫോണ് വിളിച്ച് അസഭ്യം പറയുകയായിരുന്നു. കഴിഞ്ഞ 23നായിരുന്നു ബില്ലടയ്ക്കേണ്ട അവസാന തീയതി. അന്ന് എസ് ഐ രോഗബാധിതനായതിനാൽ ബിൽ അടച്ചിരുന്നില്ല. സാധാരണ ലൈൻമാൻ വന്ന് ബിൽ വാങ്ങി പണം അടയ്ക്കുകയാണ് പതിവ്.
അതിനാൽ എസ്ഐ ശ്രദ്ധിച്ചതുമില്ല. എന്നാൽ കഴിഞ്ഞ ദിവസം മൂലമറ്റം സെക്ഷൻ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് ഷമീർ എന്നയാൾ വിളിച്ച് ലൈൻ കട്ട് ചെയ്യുമെന്ന് പറയുകയും മോശമായി സംസാരിക്കുകയും ചെയ്തു. മറ്റ് മൂന്ന് പേരെ കൊണ്ട് വിളിപ്പിച്ച് അസഭ്യം പറയിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.
ജോണ് സെബാസ്റ്റ്യൻ അസി. എൻജിനിയറെ വിളിച്ച് വിവരം പറഞ്ഞപ്പോൾ ഷമീർ ഇവിടത്തെ വർക്കർ ആണെന്നും ആരെയും ഫോണ് വിളിച്ച് ബിൽ അടയ്ക്കാൻ പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. ഇതു സംബന്ധിച്ച് എസ് ഐ തൊടുപുഴ ഡെപ്യൂട്ടി ചീഫ് എൻജിനിയർക്ക് പരാതി നൽകുകയും പരാതിയുടെ കോപ്പി വൈദ്യുതി ബോർഡ് ചെയർമാനും വൈദ്യുതി മന്ത്രിക്കും നൽകുകയും ചെയ്തു.
കോടിക്കണക്കിന് രൂപയുടെ വൈദ്യുതി ബിൽ കുടിശിക വരുത്തിയിട്ടുള്ള വൻകിടക്കാരെ പിടിക്കാതെ തുച്ഛമായ തുക അടയ്ക്കാൻ ഒരു ദിവസം വൈകിയാൽ സാധാരണക്കാരുടെ വീടുകളിലേക്ക് കടന്നുചെന്ന് അവരെ ഭീഷണിപ്പെടുത്തി പണമടപ്പിക്കുന്ന രീതിയാണ് വൈദ്യുതിബോർഡിലെ ഒരുപറ്റം ജീവനക്കാർക്കെന്ന് ആക്ഷേപമുണ്ട്