റെജി കലവൂർ
ആലപ്പുഴ: കെഎസ്ഇബി സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പുതിയ കേബിളുകൾക്ക് തീപിടിക്കുന്നത് വ്യാപകമാകുന്നു. ദിവസേന നാലും അഞ്ചും സംഭവങ്ങളാണ് ഇത്തരത്തിലുണ്ടാകുന്നത്. ഉന്നത വോൾട്ടേജിലുള്ള വൈദ്യുത ലൈനായതിനാൽ തീയണയ്ക്കുന്ന ജോലിയും വെല്ലുവിളി നിറഞ്ഞതാണ്. ലൈനുകളിലെ ജംഗ്ഷൻ ബോക്സുകളാണ് പ്രധാനമായും കത്തുന്നത്.
വെള്ളം ഉപയോഗിക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ ഫോം ഉപയോഗിച്ചാണ് ഫയർഫോഴ്സ് ജീവനക്കാർ തീയണയ്ക്കുന്നത്. ഇതും പൂർണമായും സുരക്ഷിതമല്ല. ജംഗ്ഷൻ ബോക്സുകളിലെ ചെറിയ തകരാറുകളും അമിത ലോഡുമാണ് തീപിടിക്കാൻ കാരണമാകുന്നതെന്ന് കെഎസ്ഇബി അധികൃതർ പറയുന്നു.
ഗാർഹിക കണക്ഷനുകളിലുണ്ടാകുന്ന ഷോർട്ട് സർക്ക്യൂട്ടുകളും തീപിടിത്തത്തിന് കാരണമാകുന്നുണ്ട്. തകരാറുള്ള മെയിൻ സ്വിച്ചുകളും മറ്റുമാണ് ഇതിന് വഴി വയ്ക്കുന്നത്. നഗരത്തിൽ ഇത്തരത്തിൽ തീപിടിത്തം വ്യാപകമായതോടെ ജനങ്ങൾ ആശങ്കയിലാണ്. വ്യാഴാഴ്ച നഗരത്തിലെ പുന്നമട, മുല്ലയ്ക്കൽ, സീവ്യു വാർഡ്, പിച്ചു അയ്യർ ജംഗ്ഷൻ എന്നീയിടങ്ങളിൽ തീപിടിത്തമുണ്ടായി.
രണ്ടുവർഷം മുന്പ് മുല്ലയ്ക്കലെ ഇലക്ട്രിക് പോസ്റ്റിലെ തീ സമീപത്തേക്ക് വ്യാപിച്ച് വഴിയോര കട കത്തിനശിച്ചിരുന്നു. സർക്കാർ സ്ഥാപനമായ ഒരു കേബിൾ കന്പനിക്കാണ് വൈദ്യുതി കേബിളുകളുടെ സ്ഥാപന ചുമതല. 2500 രൂപയോളമാണ് കേബിളുകളുടെ ജംഗ്ഷൻ ബോക്സിന് വിലവരുന്നത്.
കേബിളുകളും ജംഗ്ഷൻ ബോക്സുകളും കത്തുന്നത് സാന്പത്തിക നഷ്ടവുമുണ്ടാക്കുന്നു. തീപിടിത്തമൊഴിവാക്കണമെങ്കിൽ ലോഡ് കുറയ്ക്കുകയെന്നതാണ് പ്രധാന പോംവഴി. അല്ലെങ്കിൽ ഗാർഹിക കണക്ഷനുകൾ ബോക്സിലൂടെയല്ലാതെ നേരിട്ട് ബന്ധിപ്പിക്കേണ്ടിവരും.
അങ്ങനെ ചെയ്താൽ ഗാർഹിക കണക്ഷനുകളുടെ തകരാർ സുരക്ഷിതമായും വേഗത്തിലും പരിഹരിക്കാൻ സാധിക്കാതെ വരും. ലൈനുകൾ തമ്മിൽ ഷോർട്ടാകുന്നതും അതുവഴിയുള്ള അപകടവും ഉൗർജനഷ്ടവുമൊഴിവാക്കാനാണ് മൂന്നു വർഷം മുന്പ് പുതിയ കേബിളുകൾ ഉപയോഗിച്ചുള്ള ഇലക്ട്രിക് ലൈനുകൾ സംസ്ഥാനത്ത് നടപ്പിൽ വരുത്തിയത്.