വാഴയില ലൈനില്‍ മുട്ടിയെന്ന പേരില്‍ കുലച്ച നൂറുകണക്കിന് വാഴകള്‍ വെട്ടി കര്‍ഷകനോട് ക്രൂരമായ പ്രതികാരം ചെയ്ത് കെഎസ്ഇബി.
വാരപ്പെട്ടിയില്‍ 220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയില്‍ കൃഷി ചെയ്തിരുന്ന 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി. ജീവനക്കാര്‍ വെട്ടിനശിപ്പിച്ചത്.
ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കര്ഷകന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന്‍ സമീപം കാവുംപുറത്ത് തോമസിന്റെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഒന്‍പത് മാസം പ്രായമായ കുലവാഴകളാണിത്.
ദിവസങ്ങള്‍ക്കകം വെട്ടി വില്‍ക്കാനാവുംവിധം മൂപ്പെത്തുന്ന കുലകളാണ് ഉപയോഗശൂന്യമായതെന്ന് തോമസിന്റെ മകന് അനീഷ് പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൂലമറ്റത്ത് നിന്നെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാര്‍ വാഴകള്‍ വെട്ടിയതെന്ന് അനീഷ് വ്യക്തമാക്കി. രണ്ടര ഏക്കറില്‍ 1600 ഏത്തവാഴകളാണുള്ളത്. ഇതില്‍ അര ഏക്കറിലെ വാഴകളാണ് കെഎസ്ഇബിക്കാര്‍ എത്തി വെട്ടിനിരത്തിയത്.
സംഭവദിവസം ഒരു വാഴയുടെ ഇല ലൈനില്‍ മുട്ടി കത്തിനശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അധികൃതര്‍ എത്തി വാഴ വെട്ടിയതെന്ന് പറയുന്നു.
ഈ ഭാഗത്ത് ടവര്‍ ലൈന്‍ താഴ്ന്നാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആരോപണമുണ്ട്. രണ്ട് ടവറുകള്‍ക്കിടയില്‍ അകലം കൂടുതലായതു മൂലം ലൈനുകളില്‍ ഒന്ന് താഴ്ന്നിരിക്കുന്നതാണ് വാഴയിലയില്‍ മുട്ടാന്‍ കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
തങ്ങളെ അറിയിക്കാതെയാണ് കെ.എസ്.ഇ.ബി. ജീവനക്കാരെത്തി വാഴകള്‍ വെട്ടി നശിപ്പിച്ചതെന്ന് അനീഷ് പറഞ്ഞു.
ലൈനില്‍ മുട്ടാന്‍ സാധ്യതയുള്ള വാഴക്കൈ വെട്ടിനീക്കിയാല്‍ തീരാവുന്ന പ്രശ്നത്തിന് പകരം വാഴ വെട്ടിവീഴ്ത്തി. ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെങ്കിലും വെട്ടിനീക്കിയതു കാരണം നഷ്ടപരിഹാരം ലഭിക്കില്ലെന്ന് കര്ഷകന് കണ്ണീരോടെ പറഞ്ഞു.
അപകടം ഒഴിവാക്കാനാണ് വാഴ വെട്ടിയതെന്നും കര്‍ഷകനെ ദ്രോഹിക്കാന്‍ ചെയ്തതല്ലെന്നും മൂലമറ്റം കെ.എസ്.ഇ.ബി. ലൈന്‍ മെയിന്റന്‍സ് വിഭാഗം അധികൃതര്‍ പറഞ്ഞു.
ഈ തോട്ടത്തില്‍ കഴിഞ്ഞ ദിവസവും രണ്ട് മാസം മുന്‍പും വാഴയില മുട്ടി ലൈനില്‍ ഫാള്‍ട്ട് സംഭവിച്ചിരുന്നു.
രണ്ട് വാഴയ്ക്ക് തീപിടിച്ച് കത്തിയിരുന്ന വിവരം പരിസരവാസികള്‍ അറിയിച്ചിരുന്നു. വാഴയിലയ്ക്ക് സാമാന്യത്തിലധികം ഉയരം ഉള്ളതുകൊണ്ട് കാറ്റുള്ളപ്പോള്‍ അപകടഭീഷണി സാധ്യത മുന്നില്‍കണ്ടാണ് വാഴ വെട്ടിയതെന്നാണ് അധികൃതരുടെ ഭാഷ്യം.
കര്‍ഷകന്റെ വാഴ വെട്ടിയ നടപടി അത്യന്ത്യം പ്രതിഷേധാര്‍ഹമാണെന്നായിരുന്നു കൃഷി മന്ത്രി പി. പ്രസാദിന്റെ പ്രതികരണം.
ഹൈടെന്‍ഷര്‍ ലൈനിന് കീഴില്‍ കൃഷി ചെയ്യുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങളെ ഒട്ടും ചെറുതായി കാണുന്നില്ല. ഈ സ്ഥലത്ത് വാഴക്കൃഷി ചെയ്യാന്‍ പാടില്ലായെങ്കില്‍ നേരത്തേ തന്നെ കെ.എസ്.ഇ.ബി. ഇടപെടേണ്ടതായിരുന്നു.
വാഴ കുലച്ച് കുലകള്‍ വില്‍ക്കാറായ സമയത്ത് ഏകപക്ഷീയമായി ഒരു കര്‍ഷകന്റെ അധ്വാനത്തെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.
വാഴകള്‍ വെട്ടിനിരത്തിയ സംഭവം അന്വേഷിക്കാന്‍ ട്രാന്സ്മിഷന് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വേണ്ട നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.