സ്വന്തം ലേഖകൻ
കണ്ണൂർ: വൈദ്യുതി ഉപയോക്താക്കളെ ഷോക്കടിപ്പിക്കുന്ന ഡെപ്പോസിറ്റ് നയവുമായി കെഎസ്ഇബി. ഉപയോഗിച്ചുവരുന്ന വൈദ്യുതിയുടെ നാലു മാസത്തെ തുക ഡെപ്പോസിറ്റായി അടയ്ക്കാനാണു നിർദേശം.
രണ്ടു മാസം കൂടുന്പോൾ നൽകുന്ന ബില്ലിനൊപ്പം ഡെ പ്പോസിറ്റും അടയ്ക്കണമെന്നു നിർദേശിച്ചുള്ള ബില്ലുകളാണ് ഇപ്പോൾ വിതരണം ചെയ്തുവരുന്നത്.
ഗാർഹിക കണക്ഷനുകൾക്കു രണ്ടു മാസം വൈദ്യുതി ഉപയോഗിച്ച തുകയാണ് ഒരു ബില്ലായി നൽകുന്നത്. ഇതുപ്രകാരം രണ്ടു ബില്ലിനു സമാനമായ തുക (നാലു മാസത്തെ തുക) ഡെപ്പോസിറ്റായി നൽകണമെന്നാണു നിർദേശം.
ഏറ്റവുമൊടുവിലായി നൽകിയ ബില്ലിൽ ഡെപ്പോസിറ്റ് തുകകൂടി ചേർത്തുള്ള തുകയാണു നൽകിയിരിക്കുന്നത്. ഇതുപ്രകാരം വലിയ തുകയാണു പലരും അടയ്ക്കേണ്ടിവന്നത്.
എന്നാൽ ഇതിൽ അസ്വാഭാവികതയില്ലെന്നാണു കെഎസ്ഇബി അധികൃതർ നൽകുന്ന വിശദീകരണം. നേരത്തേ വൈദ്യുതി കണക്ഷൻ നൽകുന്പോൾത്തന്നെ സമാനരീതിയിൽ ഡെപ്പോസിറ്റ് ഈടാക്കിയിരുന്നു.
വൈദ്യുതിനിരക്ക് കൂടുകയും പഴയ പല ഉപയോക്താക്കളും ആദ്യകാല ഉപയോഗത്തിലും കൂടുതലായി വൈദ്യുതി ഉപയോഗിച്ചുവരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
വൈദ്യുതി ഉപയോഗത്തിന് ആനുപാതികമായുള്ള ഡെ പ്പോസിറ്റ് തുക ഇല്ലാത്തവർക്കു മാത്രമാണു പുതുക്കിയ ഡെപ്പോസിറ്റ് നിരക്ക് ഏർപ്പെടുത്തിയതെന്നും കെഎസ്ഇബി വിശദീകരിച്ചു.
ഡെപ്പോസിറ്റ് തുകയുടെ പലിശ വർഷാവർഷം വൈദ്യുതബില്ലിൽ കുറച്ചുനൽകുമെന്നും അധികൃതർ പറഞ്ഞു. അതേസമയം ഒറ്റയടിക്ക് വലിയ തുക ഡെപ്പോസിറ്റായി വാങ്ങിക്കുന്നതിനുപകരം ഗഡുക്കളായി അടയ്ക്കാനുള്ള സംവിധാനം നടപ്പാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.