തിരുവമ്പാടി: തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അതിക്രമിച്ചുകയറി അസി. എന്‍ജിനിയറുള്‍പ്പെടെയുള്ള ജീവനക്കാരെ മർദിക്കുകയും ഓഫീസ് തകർക്കുകയും ചെയ്ത വ്യക്തികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. കെഎസ്ഇബി ചെയർമാൻ ആന്‍ഡ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകറുടെ നിര്‍ദേശപ്രകാരമാണു നടപടി.
ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് തിരുവമ്പാടി ഉള്ളാറ്റിൽ ഹൗസിൽ റസാഖ് എന്നയാളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിന്റെ പ്രതികാരമായി മകൻ അജ്മൽ എന്നയാളും കൂട്ടാളിയും ചേർന്ന് കഴിഞ്ഞദിവസം കെഎസ്ഇബി ലൈൻമാൻ പി. പ്രശാന്ത്, സഹായി എം.കെ. അനന്തു എന്നിവരെ കൈയേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
ഇതുസംബന്ധിച്ച് സെക്ഷന്‍ അസി. എന്‍ജിനിയർ തിരുവമ്പാടി പോലീസില്‍ പരാതി നൽകി. ഇതിലുള്ള പ്രതികാരമായാണ് അജ്മൽ കൂട്ടാളി ഷഹദാദുമൊത്ത് ഇന്നലെ രാവിലെ സെക്ഷൻ ഓഫീസിലെത്തി അതിക്രമം കാട്ടിയത്.
രാവിലെ സെക്ഷൻ ഓഫീസിൽ കടന്നുകയറിയ അക്രമികൾ അസി. എന്‍ജിനിയറുടെ ശരീരത്തില്‍ ഭക്ഷണാവശിഷ്ടങ്ങളുള്ള മലിനജലം ഒഴിക്കുകയും സ്ത്രീകളുൾപ്പെടെയുള്ള ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു.
പുറത്തിറങ്ങിയാൽ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയ അക്രമികൾ കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഓഫീസ് ഉപകരണങ്ങൾ തല്ലിത്തകർത്ത് വലിയതോതിൽ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.
മർദനമേറ്റ അസി. എന്‍ജിനിയറും നാല് ജീവനക്കാരും മുക്കം ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികൾക്കെതിരേ തിരുവമ്പാടി പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.