കടുത്തുരുത്തി: തുടര്‍ച്ചയായ വൈദ്യുതി മുടങ്ങുന്നതില്‍ പ്രതിഷേധിച്ചു പഞ്ചായത്തംഗവും നാട്ടുകാരും അര്‍ധരാത്രിയില്‍ കെഎസ്ഇബി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
കല്ലറ പഞ്ചായത്തംഗം അരവിന്ദ് ശങ്കറിന്റെ നേതൃത്വത്തിലാണു നാട്ടുകാര്‍ നീണ്ടൂര്‍ കെഎസ്ഇബി ഓഫീസില്‍ കഴിഞ്ഞദിവസം രാത്രി ഒന്നോടെ പ്രതിഷേധവുമായെത്തിയത്.
കല്ലറ പഞ്ചായത്തിലെ കളമ്പുകാട്, എക്കമ്മ, എസ്ബിഐ ജംഗ്ഷന്, നീരൊഴുക്കില്‍ ഭാഗം, വെല്‍ഫയര്‍ സ്കൂള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ കുറെ ആഴ്ച്ചകളായി യാതൊരു അറിയിപ്പും കൂടാതെ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്ന സ്ഥിതിവിശേഷമുണ്ടായിരുന്നു.
ഇതുമൂലം രോഗികളും പ്രായമായവരും കുട്ടികളും വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. വൈദ്യുതി ലഭ്യമാകുന്ന സമയങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമവും ഈ പ്രദേസങ്ങളില്‍ രൂക്ഷമാണ്. കുറഞ്ഞ വോള്‍ട്ടേജ് കാരണം നിരവധി വീടുകളിലെ ഫാന്‍, മിക്സി, ലൈറ്റുകള്‍ എന്നിവയടക്കമുള്ള ഇലക്ട്രിക് സാധങ്ങള്‍ തകരാറിലായിരുന്നു.
പലതവണ നീണ്ടൂര്‍ കെഎസ്ഇബി ഓഫീസില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ലാതെ വന്നതോടെയാണു നാട്ടുകാര്‍ കെഎസ്ഇബി ഓഫീസലേക്ക് സമരവുമായെത്തിയത്.
സാങ്കേതിക തകരാറാണു വൈദ്യുതി മുടക്കത്തിനു പിന്നിലെന്നാണ് കെഎസ്ഇബി അധികൃതര്‍ നല്കിയ വിശദീകരണം. തകരാര്‍ പരിഹരിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ബാധ്യതയാണെന്നും നാളുകളായി പരാതി പറഞ്ഞിട്ടും പരിഹാരമില്ലെന്നും നടപടി സ്വീകരിക്കാതെ പിരിഞ്ഞു പോകില്ലെന്നും ചൂണ്ടിക്കാട്ടി നാട്ടുകാരും പഞ്ചായത്തംഗവും ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ 15 ദിവസത്തിനകം പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ പുലര്‍ച്ചെ മൂന്നോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.