വാഴക്കുളം: വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന്റെ പേരിൽ വൈദ്യുതി ഓഫീസിൽ ഉപഭോക്താവ് കുട്ടികളുമായി താമസിക്കാനെത്തിയ സംഭവത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ക്ഷമാപണം നടത്തി. ബുധനാഴ്ച രാത്രി പത്തോടെ കല്ലൂർക്കാട് വൈദ്യുതി ഓഫീസിലായിരുന്നു സംഭവം.
കുടിശികയുടെ പേരിൽ വൈദ്യുതി വിച്ഛേദിച്ച ഉടനെ ഉപഭോക്താവ് പണമടച്ചു. തുടർന്നു വീട്ടിലെത്തി ഇദ്ദേഹം വീട്ടിൽ കുട്ടികൾ ഉള്ളതിനാൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു തരണമെന്നു ആവശ്യപ്പെടുകയും ചെയ്തു.
ഇതിനിടെ ഫോണെടുത്ത ജീവനക്കാരൻ കുട്ടികളോടൊപ്പം ഓഫീസിൽ വന്നു താമസിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കുടുംബസമേതം ഉപഭോക്താവ് രാത്രിയിൽ ഓഫീസിലെത്തുകയായിരുന്നു. നാട്ടുകാരും സംഘടിച്ചതോടെ നേരിയ സംഘർഷവുമുണ്ടായി. ഇതോടെ കല്ലൂർക്കാട് പോലീസും സ്ഥലത്തെത്തി.
ഒടുവിൽ രാത്രി വൈകി മൂവാറ്റുപുഴ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥലത്തെത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയതോടെയാണ് നാട്ടുകാർ പിരിഞ്ഞത്. എന്നാൽ ടെലിഫോണിലോ, നേരിട്ടോ ഉപഭോക്താവിനെ അപകീർത്തിപ്പെടുത്തുന്ന സംഭാഷണം ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് വൈദ്യുതി ഓഫീസിലെ ജീവനക്കാർ.