നിലന്പൂർ: കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്ല് കണ്ട് വീട്ടുടമ ഞെട്ടി. പരാതി പറഞ്ഞതിനെ തുടർന്ന് അധികൃതർ ടെസ്റ്റ് മീറ്റർ വെച്ചെങ്കിലും 24 മണിക്കൂറിനുള്ളിൽ കെഎസ്ഇബി അധികൃതരെത്തി ഫ്യൂസ് ഉൗരുകയും ചെയ്തു.
ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ സ്വദേശി ചാരിക്കാപ്പള്ളി സാജുമോന്റെ വീട്ടിലെ വൈദ്യുതി കണക്ഷനാണ് കെഎസ്ഇബി അകന്പാടം സെക്ഷൻ അധികൃതർ വിച്ഛേദിച്ചത്. സാജുമോന്‍ നിലവിൽ ലഭിച്ച ബിൽ തുക 8959 രൂപയാണ്. ഇതിന് മുൻപ് ലഭിച്ച ഏറ്റവും ഉയർന്ന ബിൽ 1195 രൂപ മാത്രമായിരുന്നു. ഇത്രയും തുകക്ക് മാത്രമുള്ള വൈദ്യുതി സാജുമോൻ ഉപയോഗിച്ചിട്ടുമില്ലെന്ന് അയാൾ പറയുന്നു. ബിൽ ലഭിച്ച ഉടൻ അകന്പാടത്തെ കെഎസ്ഇബി ഓഫീസിലെത്തി പരാതി പറഞ്ഞിരുന്നു. അത് സങ്കേതിക തകരാറാണെന്ന മറുപടി ലഭിച്ചു.
ഉടൻ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകി. പീന്നീട് പ്രശ്നം പരിഹരിച്ചുവെന്നും 1559 രൂപ അടച്ചാൽ മതിയെന്നും പറഞ്ഞു. വെള്ളിയാഴ്ച്ച കെഎസ്ഇബി അധികൃതർ എത്തി ടെസ്റ്റ് മീറ്റർ സ്ഥാപിച്ചു. വീട്ടുടമയുടെ അശ്രദ്ധ കാരണം സങ്കേതിക തടസമുണ്ടായതാകാമെന്നും മുഴുവൻ തുകയായ 8950 രൂപയും അടക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടതായി സാജുമോൻ പറഞ്ഞു.
തിങ്കളാഴ്ച്ച അടക്കാമെന്നും ഇത്രയും വലിയ തുക ഇപ്പോൾ തരാൻ കൈവശം ഇല്ലെന്നും പറഞ്ഞതോടെ ഫ്യൂസ് ഉൗരുകയായിരുന്നു. പണം അടക്കേണ്ട അവസാന ദിവസവും കഴിഞ്ഞതിനാലാണ് ഫ്യൂസ് ഉൗരിയതെന്നും സങ്കേതിക തടസം ഉണ്ടെങ്കിൽ കണ്‍സ്യൂമർ തന്നെയാണ് കണ്ടുപിടിക്കേണ്ടതെന്നും അകന്പാടം കെഎസ്ഇബി അധികൃതർ പറഞ്ഞു. രാത്രി ഒൻപതുമണിയോടെ ഓണ്‍ലൈനിൽ പണം അടച്ചെങ്കിലും കെഎസ്ഇബി കണക്ഷൻ പുനസ്ഥാപിച്ചില്ല.