ശ്രീകണ്ഠപുരം: കാലവർഷക്കാലത്ത് വൈദ്യുത അപകടങ്ങളുണ്ടാകുന്ന സാഹചര്യങ്ങൾക്കെതിരേ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നു കെഎസ്ഇബി ശ്രീകണ്ഠപുരം ചീഫ് സേഫ്റ്റി ഓഫീസർ പി.കെ. രാജൻ അറിയിച്ചു.
കനത്ത മഴയും കാറ്റുമുണ്ടാകുന്ന ജൂൺ, ജൂലൈ മാസങ്ങളിൽ ഇടിമിന്നൽ, പൊട്ടിവീണ കമ്പികൾ എന്നിവ വഴിയുണ്ടാകുന്ന അപകടങ്ങളൊഴിവാക്കാൻ നിതാന്ത ജാഗ്രത പുലർത്തണം. കഴിഞ്ഞ രണ്ടു വർഷമായി വൈദ്യുത ബോർഡ് കർശന സുരക്ഷാ നടപടികൾ കൈക്കൊണ്ടതിനാൽ ജീവനക്കാർക്കിടയിലുള്ള അപകടങ്ങൾ നാമമാത്രമായി ചുരുക്കാൻ കഴിഞ്ഞിട്ടുണ്ട്.
പൊതുജനങ്ങൾക്കും നിർമാണ തൊഴിലാളികൾക്കും ഉണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള ക്ലാസുകൾ നൽകുന്നതിനു അസിസ്റ്റന്റ് എൻജിനിയർമാരെ ബന്ധപ്പെടാവുന്നതാണ്. കുടുംബശ്രീകൾ, വായനശാലകൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ചു ക്ലാസുകൾ സംഘടിപ്പിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.
ശ്രദ്ധിക്കുക!
1. താഴ്ന്നു കിടക്കുന്നതോ പൊട്ടിവീണതോ ആയ കമ്പികളിൽ യാതൊരു കാരണവശാലും സ്പർശിക്കരുത്.
2. പൊട്ടിവീണതു സർവീസ് വയറായാലും ന്യൂട്രൽ കമ്പിയായാലും അതിലും വൈദ്യുതി യുണ്ടാകും. ആയതിനാൽ പൊട്ടിവീണ കമ്പി മാറ്റിവയ്ക്കാനോ താഴ്ന്ന കമ്പി ഉയർത്തിവയ്ക്കാനോ ശ്രമിക്കരുത്.
3. പൊട്ടിവീണ കമ്പികളുടെ മുകളിലൂടെ വാഹനം ഓടിക്കരുത്.
4. വൈദ്യുത ലൈൻ പൊട്ടിവീണ കുളത്തിലോ പുഴയിലോ ഇറങ്ങരുത്.
5. വൈദ്യുതലൈനോ പോസ്റ്റോ പൊട്ടിവീണയിടത്തേക്ക് കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തുംവരെ മറ്റാരേയും
കടത്തിവിടരുത്.
6. വസ്ത്രങ്ങൾ ഉണക്കാൻ കയറിന്റെ അയ മാത്രം ഉപയോഗിക്കുക. അയ കെട്ടാൻ കമ്പി ഉപയോഗിക്കരുത്.
7. വൈദ്യുത ലൈനിലേക്ക് ചാഞ്ഞ മരത്തിൽ കയറരുത്.
8. ഇരുമ്പുതോട്ടി, ഏണി എന്നിവ ഉപയോഗിക്കരുത്.
9. റൂഫിംഗ് ഷീറ്റുകളിൽ സർവീസ് വയർ ഉരഞ്ഞാൽ കെട്ടിടം മുഴുവൻ ഷോക്ക് ഉണ്ടാകും. ആയതിനാൽ സർവീസ് വയറും റൂഫിംഗ് ഷീറ്റും തമ്മിൽ1.2 മീറ്റർ അകലം ഉണ്ടെന്ന് ഉറപ്പാക്കുക.
10. അതിരാവിലെ വീടിന് പുറത്തിറങ്ങുമ്പോൾ വൈദ്യുത കമ്പി പൊട്ടിവീണിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം.
11. കുട്ടികൾ സ്കൂളിലേക്ക് നടന്നുപോകുന്ന വഴികളിൽ ലൈൻ വീണു കിടപ്പില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം.
12. വൈദ്യുത ബോർഡിൽനിന്ന് അനുവാദം വാങ്ങി നിർമാണ പ്രവർത്തനങ്ങൾക്ക് വൈദ്യുതി ഉപയോഗിക്കുമ്പോൾ പ്രത്യേകം ഇഎൽസിബി ഘടിപ്പിക്കണം.
അപകടകരമായ എന്തു സാഹചര്യം കണ്ടാലും ഉടൻതന്നെ ബന്ധപ്പെട്ട സെക്ഷൻ ഓഫീസിലോ 1912 എന്ന ടോൾ ഫ്രീ നമ്പറിലോ അറിയിക്കണമെന്നും ചീഫ് സേഫ്റ്റി ഓഫീസർ അറിയിച്ചു.
ഫോൺ നമ്പറുകൾ: ചെറുപുഴ: 94960 18735, എടൂർ: 9496011081, ഇരിട്ടി: 94960 110 85, കാക്കയങ്ങാട്: 94960 11098, കേളകം: 94960 12060, മട്ടന്നൂർ: 9496011092, ശിവപുരം: 9496012157, തൊണ്ടിയിൽ: 9496011095, ഉളിക്കൽ: 9496012056, വള്ളിത്തോട്: 9496018738, ചെമ്പേരി: 9496011109, ഇരിക്കൂർ: 9496011114, പയ്യാവൂർ: 9496011120, ശ്രീകണ്ഠപുരം: 9496011117, കുഞ്ഞിമംഗലം: 9496011125, പയ്യന്നൂർ: 9496011129, രാമന്തളി: 9496011134, മാടായി: 9496011138, മാതമംഗലം: 9496011142, പഴയങ്ങാടി: 9496011147, ആലക്കോട്: 9496011102, ചപ്പാരപ്പടവ്: 9496011 679, ധർമശാല: 9496011151, കരിമ്പം: 9496011156, കാർത്തികപുരം: 9496012315, പരിയാരം : 9496012052, തളിപ്പറമ്പ: 9496011160, കരിവെള്ളൂർ: 9496011164, പാടിയോട്ടുചാൽ: 9446011169, വെള്ളൂർ: 9496011173.