തിരുവനന്തപുരം: കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നൽകാമെന്നു വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ കരുതിയിരിക്കുക എന്ന മുന്നറിയിപ്പ് നൽകി കെഎസ്ഇബി.
കെ എസ് ഇ ബിയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പുനടത്തുന്ന വ്യാജ സംഘങ്ങൾ നവമാധ്യമങ്ങളിൽ സജീവമാണെന്നും രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലിയെന്നും നിരവധി പേർ ഈ കെണിയിൽ വീണുവെന്നും കെഎസ്ഇബി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇത്തരക്കാർ വ്യാജപ്രചാരണം നടത്തുന്നത്. സ്റ്റേറ്റ് ഹോൽഡിംഗ്, ഇലക്ട്രിസിറ്റി കൗൺസിൽ ബോർഡ് തുടങ്ങിയ പേരുകളുള്ള പേജുകളിലൂടെയാണ് ഇവർ വ്യാജപരസ്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും കെഎസ്ഇബി മുന്നറിയിപ്പ് നൽകുന്നു. കൂടാതെ ഇത്തരം നവമാധ്യമ പേജുകളിൽ കെ എസ് ഇ ബി ലോഗോ ഉപയോഗിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഒരുകാരണവശാലും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതെ ജാഗ്രത പാലിക്കണമെന്നും കെ എസ് ഇ ബിയിലെ ജോലി ഒഴിവുകളിലേക്കുള്ള സ്ഥിരം നിയമനം പി എസ് സി വഴിയും താത്കാലിക നിയമനം എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴിയുമാണ് നടക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.