കുറവിലങ്ങാട്: താത്കാലിക വൈദ്യുതി കണക്ഷൻ സ്ഥിരപ്പെടുത്തി നൽകാൻ വീട്ടുടമയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിൽ കെഎസ്ഇബി ഓവർസിയർ വിജിലൻസ് പിടിയിൽ. കുറവിലങ്ങാട് കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ഓവർസിയർ കീഴൂർ കണ്ണാർവയൽ എം.കെ. രാജേന്ദ്രനെ (51)യാണ് വിജിലൻസ് സംഘം അറസ്റ്റുചെയ്തത്.
വീട്ടുടമയിൽനിന്നു 10,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. പകലോമറ്റത്ത് വീട് നിർമാണം പൂർത്തീകരിച്ച പ്രവാസിയുടെ കുടുംബത്തിൽ നിന്നാണ് പണം ആവശ്യപ്പെട്ട് വാങ്ങിയത്.വിജിലൻസ് കിഴക്കൻമേഖല എസ്പി വി. ശ്യാംകുമാറിന്റെ നിർദേശാനുസരണം ഡിവൈഎസ്പി നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ഒന്നോടെ ഓവർസിയറെ പിടികൂടിയത്.
രണ്ടുവർഷം മുമ്പ് പകലോമറ്റത്ത് സ്ഥലം വാങ്ങിയ സ്ഥലത്ത് വീടിന്റെ നിർമാണ ജോലികൾ പൂർത്തീകരിച്ചതോടെ താത്കാലിക കണക്ഷൻ മാറ്റി സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു.
ത്രീഫേസ് കണക്ഷൻ ആവശ്യപ്പെട്ടായിരുന്നു അപേക്ഷ. എന്നാൽ ത്രീഫേസ് ലൈൻ കടന്നുപോകുന്നത് വീടിനു 500 മീറ്റർ അകലെക്കൂടിയാണെന്നും ഇതിൽനിന്നു ലൈൻ വലിക്കാൻ 65,000 രൂപ ചെലവഴിക്കേണ്ടിവരുമെന്നും ഓവർസിയർ പറഞ്ഞെത്രെ. 15,000 രൂപ ആദ്യഘട്ടമായി നൽകിയാൽ ഇത് ശരിയാക്കി നൽകാമെന്ന് ഇയാൾ വീട്ടുകാരോട് പറഞ്ഞിരുന്നു.
കോട്ടയം ഓഫീസിൽ പ്രവാസി പരാതിപ്പെട്ടതോടെ ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഓവർസിയർ പിടിയിലായത്.
വീട്ടിലെത്തിയാൽ പണം നൽകാമെന്ന് ഓവർസിയറെ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് വീട്ടിലെത്തി ഇയാൾ പണം കൈപ്പറ്റുമ്പോൾ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.
സിഐമാരായ സജു കെ. ദാസ്, മനു വി. നായർ, എസ്ഐമാരായ സ്റ്റാൻലി തോമസ്, സുരേഷ്കുമാർ, പി.എൻ. പ്രദീപ്, കെ.സി. പ്രസാദ്, എഎസ്ഐമാരായ കെ.എസ്. അനിൽകുമാർ, എം.ജി. രജീഷ്, ഇ.പി. രാജേഷ്, കെ.പി. രഞ്ജിനി, പി.എസ്. അനൂപ്, കെ.എ. അനൂപ്, ആർ. സുരേഷ് എന്നിവരുൾപ്പെട്ട സംഘമാണ് ഓവർസിയറെ അറസ്റ്റ് ചെയ്തത്.ഓവർസിയറെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി.