കറുകച്ചാൽ: കെഎസ്ഇബി ജീവനക്കാർ ഓഫീസിലെ ലൈറ്റുകളും ഫാനും പ്രവർത്തിപ്പിച്ചശേഷം കൂട്ടത്തോടെ കല്യാണത്തിനു പോയത് വിവാദമാകുന്നു. വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തിയ നിരവധി പേരാണ് ദുരിതത്തിലായത്.
ഇന്നലെ 12 മുതൽ രണ്ടു വരെ കറുകച്ചാൽ കെഎസ്ഇബി ഓഫീസിലെ ജീവനക്കാരാണ് ഉന്നത ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹച്ചടങ്ങിനു കുറിച്ചിയിലേക്കു പോയത്. രാവിലെ മുതൽ വിവിധ ആവശ്യങ്ങൾക്കായി നൂറുകണക്കിനു പേരാണ് ഓഫീസിലെത്തിയത്.
ഫ്രണ്ട് ഓഫീസ് മുറിയിലും ബില്ലിംഗിലും രണ്ട് ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഓഫീസ് കെട്ടിടത്തിലെ പത്തിൽപ്പരം ട്യൂബ് ലൈറ്റുകളും ആറ് ഫാനുകളും ഈസമയം പ്രവർത്തിക്കുന്നുണ്ടായിരുന്നു.
ഉദ്യോഗസ്ഥരെ കാണുവാനായി എത്തിയവരോട് ഉച്ചകഴിഞ്ഞ് വരൂ എല്ലാവരും കല്യാണത്തിനു പോയതാണെന്നായിരുന്നു ഒരു ജീവനക്കാരന്റെ മറുപടി. ആവശ്യം കഴിഞ്ഞിട്ടും പ്രവർത്തിക്കുന്ന ഉപകരണങ്ങൾ നിർത്തുവാൻ പോലും ജീവനക്കാർ തയാറായില്ല.