തിരുവനന്തപുരം: കെഎസ്ഇബിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കടുത്ത നിർദേശങ്ങളുമായി സിഎംഡി. പ്രതിസന്ധി മറികടക്കാൻ പരമാവധി ചെലവ് ചുരുക്കണമെന്നാണ് കെഎസ്ഇബി ചെയർമാനും സിഎംഡിയുമായ രാജൻ ഖോബ്രഗടെ ടെക്നിക്കൽ ഡയറക്ടർമാർക്ക് നൽകിയ കർശന നിർദേശം.
ഇതുവരെ ആരംഭിക്കാത്ത എല്ലാ പദ്ധതികളും മാറ്റിവയ്ക്കണമെന്നും ഇപ്പോൾ നടക്കുന്ന പദ്ധതികളിൽ മാർച്ച് 31 ന് മുമ്പ് പൂർത്തിയാവുന്നവയ്ക്ക് മാത്രം മുൻഗണന നൽകണമെന്നുമാണ് നിർദേശം. ശമ്പളവും പെൻഷനും നൽകാൻ ലോൺ എടുക്കേണ്ട സ്ഥിതി ആയതിനാൽ ചെലവ് ചുരുക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും സിഎംഡി ടെക്നിക്കൽ ഡയറക്ടർമാർക്ക് നൽകിയ കത്തിൽ പറയുന്നു.
അടുത്ത വർഷത്തേക്ക് നിശ്ചയിച്ച പദ്ധതികൾ പുനഃപരിശോധിക്കണമെന്നും നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ ഫണ്ട് ആവശ്യകത മുൻകൂട്ടി അറിയിക്കണമെന്നും പദ്ധതികൾക്ക് മുൻഗണനാ ക്രമം നിശ്ചയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ദീർഘകാല കരാർ റദ്ദാക്കപ്പെട്ടതിലൂടെ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടി വന്നു.
കാലവർഷത്തിൽ ആവശ്യത്തിനു മഴ ലഭിച്ചില്ല, സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, പൊതു മേഖലാ സ്ഥാപനങ്ങൾ എന്നിവ വൈദ്യുതി കുടിശിക നൽകുന്നില്ല. ലോൺ എടുത്ത് പെൻഷനും ശമ്പളവും നൽകേണ്ട അവസ്ഥയിലെന്നാണും കത്ത് സൂചിപ്പിക്കുന്നു. വേനൽകാലത്ത് സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നും പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.