ഇരിട്ടി: ഇരിട്ടി – എടക്കാനം റോഡിൽ നേരമ്പോക്കിൽ അഗ്നിരക്ഷാ നിലയത്തിനു മുന്നിലെ ഡ്രെയ്നേജ് നിർമാണത്തിന് തടസമായി നിൽക്കുന്ന കൂറ്റൻ വൈദ്യുത തൂൺ മാറ്റാൻ വൈദ്യതി ബോർഡും പൊതുമരാമത്ത് വകുപ്പും തയാറാകാത്തതിനാൽ തൂൺ നിലനിർത്തി കരാറുകാർ കോൺക്രീറ്റ് പ്രവൃത്തി ആരംഭിച്ചു.
റോഡിനോട് ചേർന്ന് താഴ്ന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇരിട്ടി അഗ്നിരക്ഷാ നിലയത്തിലേക്ക് ശക്തമായ മഴപെയ്താൽ വെള്ളം കയറുക പതിവാണ്.
റോഡിനേക്കാൾ താഴ്ന്ന് കിടക്കുന്ന കെട്ടിടത്തിന്റെ മുറ്റം മുഴുവൻ ചെളിക്കുളമാകുമായിരുന്നു.
പരിമിതമായ സൗകര്യത്തിലാണ് രണ്ട് ഫയർ എൻജിനുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടെ നിർത്തിയിടയുന്നത്.
കഴിഞ്ഞ രണ്ട് പ്രളയത്തിലും ഓഫീസിൽ വെള്ളം കയറി ഫയലുകളും ഉപകരണങ്ങളുമെല്ലാം നശിച്ചിരുന്നു.
ഇതേത്തുടർന്നാണ് ഏറെനാളത്തെ മുറവിളിക്കൊടുവിൽ മഴവെള്ളം ഒഴുകി പോകുന്നതിനും അഗ്നിരക്ഷാ നിലയത്തിന്റെ സുരക്ഷയ്ക്കുമായി ഡ്രെയ്നേജ് നിർമാണത്തിന് അനുമതിയായത്.
25 മീറ്ററോളം നിളത്തിലും ഒന്നര മീറ്റർ ആഴത്തിലുമുള്ള ഡ്രെയ്നേജ് പ്രവൃത്തി മുക്കാൽ ഭാഗത്തോളം പൂർത്തിയായി കഴിഞ്ഞു. കോൺക്രീറ്റ് പ്രവൃത്തിയാണ് ഇനി നടക്കേണ്ടത്.
ഇതിനു തടസമായാണ് ഡ്രെയ്നേജ് കടന്നുപോകുന്നതിന് മധ്യത്തിലായി കൂറ്റൻ വൈദ്യുതി തൂൺ നിൽക്കുന്നത്.
ഡ്രെയ്നേജ് നിർമാണം പൂർത്തിയായാലും വൈദ്യുത പോസ്റ്റ് മാറ്റി സ്ഥാപിക്കാത്തതിനാൽ വെള്ളമൊഴുക്ക് തടസപ്പെടാനും മാലിന്യങ്ങൾ കെട്ടിക്കിടന്ന് ഡ്രെയ്നേജ് നിറഞ്ഞ് വീണ്ടും പഴയ അവസ്ഥയിലേക്ക് മാറാനും സാധ്യതയുണ്ട്.