മുട്ടം: ടൗണിലെ കെഎസ്ഇബിക്കാരുടെ വക കുഴിയിൽ വീണു വീട്ടമ്മയ്ക്കു പരിക്ക്. ഇന്നലെ വൈകുന്നേരമാണ് അപകടം ഉണ്ടായത്. മുട്ടം ടൗണിൽ വൈദ്യുത പോസ്റ്റ് സ്ഥാപിക്കുന്നതിനു വേണ്ടി രണ്ട് മാസം മുന്പു കുഴിച്ച കുഴിയിലാണ് കോളപ്ര തച്ചിലംകാട്ടിൽ ഗ്രേസി വീണത്.
കനത്ത മഴ പെയ്യുന്ന സമയത്താണ് അപകടം. കടയിൽ നിന്നും സാധനം വാങ്ങി ഫുട്പാത്തിലൂടെ നടന്നു പോകുന്പോൾ കുഴിയിലേക്കു വീഴുകയായിരുന്നു. ഒരാൾ താഴ്ചയുള്ള കുഴിയിൽ വീണ വീട്ടമ്മയുടെ കഴുത്തറ്റം വെള്ളമായിരുന്നു.
മഴ പെയ്ത് കുഴിക്കകത്ത് നിറയെ വെള്ളം നിറഞ്ഞിന്നതിനാൽ ഗ്രേസിയുടെ കഴുത്തൊപ്പം ചെളി വെള്ളം മുങ്ങിയിരുന്നു. മൂക്കിലും വായിലും ചെവിയിലും ചെളി വെള്ളം കയറി ഭയന്നു പോയ ഗ്രേസിയെ വ്യാപാരികളും പ്രദേശവാസികളും ചേർന്നാണ് കുഴിയിലെ ചെളിവെള്ളത്തിൽ നിന്ന് പൊക്കിയെടുത്തത്.
സാരമായ പരിക്ക് പറ്റിയ ഗ്രേസിയെ പിന്നീട് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. കൈയ്ക്കും കാലിനും പരിക്കുള്ള ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മുട്ടം – മൂലമറ്റം റൂട്ടിലേക്കുള്ള ബസുകൾ നിർത്തുന്ന സ്റ്റോപ്പിലാണ് ഈ കുഴിയെന്നതാണ് പ്രത്യേകത.രണ്ടു മാസം മുന്പു വൈദ്യുതി പോസ്റ്റിടാൻ വേണ്ടി കുഴിച്ച കുഴിയാണിത്.
വ്യാപാരികൾ പരാതി പറഞ്ഞിട്ടും കുഴി മൂടാൻ കെ എസ്ഇബി തയാറാകാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. പഞ്ചായത്തുമായി ബന്ധപ്പെട്ടു പരാതി അറിയിച്ചപ്പോഴും നടപടിയുണ്ടാകുന്നില്ല. അപകടസമയത്തു ഇതുവഴി കടന്നു പോയ ഉദ്യോസ്ഥനോടു വ്യാപാരികൾ പരാതി പറഞ്ഞപ്പോഴും ശരിയാക്കി കൊള്ളാമെന്നുമാത്രമാണ് പറഞ്ഞതെന്നു വ്യാപാരികൾ വ്യക്തമാക്കി.