തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി, മേഖല തിരിച്ചു നിയന്ത്രണമെന്ന നിലപാടിലുറച്ച് കെഎസ്ഇബി. വിഷയത്തിൽ മുഖ്യമന്ത്രിയുടെയും വൈദ്യുതി മന്ത്രിയുടെയും തീരുമാനം കാക്കുകയാണ് കെഎസ്ഇബി ഉന്നത നേതൃത്വം. വൈദ്യുത ഉപഭോഗം കൂടുതലുള്ള സ്ഥലങ്ങളെ മേഖല തിരിച്ചു നിയന്ത്രണം കൊണ്ടു വരാനാണു തീരുമാനിച്ചിരിക്കുന്നത്.
പ്രതിദിനം 150 മെഗാ വാട്ട് വൈദ്യുതി ഉപഭോഗം വീതം കുറയ്ക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. വാണിജ്യ വ്യവസായ സ്ഥാപനങ്ങളിൽ പീക്ക് ടൈമിൽ പരമാവധി ഉപഭോഗം കുറയ്ക്കണമെന്ന് ആവശ്യപ്പെടും.
നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ പുറത്തിറക്കാനുള്ള സർക്കുലറിന്റെ പ്രവർത്തനങ്ങൾ അണിയറയിൽ നടക്കുകയാണ്. എന്നാൽ മുഖ്യമന്ത്രിയുടെയും വൈദ്യുതിമന്ത്രിയുടെയും അന്തിമ തീരുമാനം അനുസരിച്ചായിരിക്കും നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള സർക്കുലർ ഇറക്കുക.
വൈദ്യുത ഉപഭോഗം കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്തു പല പ്രദേശങ്ങളിലും അപ്രഖ്യാപിത പവർകട്ട് നിലവിലുണ്ടെന്നാണ് ജനങ്ങൾ പറയുന്നത്. കടുത്ത ചൂടിലും ഉഷ്ണത്തിലും ജനങ്ങൾ ബുദ്ധിമുട്ടുന്ന ഈ ഘട്ടത്തിൽ വൈദ്യുതി നിയന്ത്രണം കൂടി വരുന്നതോടെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.