എടത്വ: കെഎസ്ഇബി എടത്വ സബ് ഡിവിഷൻ പരിധിയിൽ വൈദ്യുതി നിയന്ത്രണം തുടരുന്നതോടെ ധനകാര്യ സ്ഥാപനങ്ങളിലെ പ്രവർത്തനം അനിശ്ചിതത്വത്തിൽ. തപാൽ ഓഫീസ്, സർക്കാർ-സ്വകാര്യ ബാങ്കുകൾ, മറ്റ് പണമിടപാട് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പ്രവർത്തനമാണ് അനിശ്ചിതത്വത്തിലായത്. മാസാവസാനം ആണന്നിരിക്കേ പോസ്റ്റോഫീസുകളിൽ സ്വീകരിക്കേണ്ട മാസചിട്ടികൾ, ഇൻഷ്യുറൻസ് തവണകൾ, മണിയോർഡറുകൾ, രജിസ്റ്റേഡ്, സ്പീഡ് പോസ്റ്റ്, പാഴ്സൽ എന്നിവ അടയ്ക്കാൻ ഗുണഭോക്താക്കൾക്ക് കഴിയുന്നില്ല.
എടത്വയിലെത്തുന്ന പണമിടപാട് തവണകൾ എടത്വ കഐസ്ഇബിയുടെ ഏരിയാവിട്ട പോസ്റ്റോഫീസുകളിലേക്ക് പറഞ്ഞുവിടുകയാണ് ജീവനക്കാർ. പണം കൈപ്പറ്റാൻ സാധിക്കാത്ത ഗുണഭോക്താക്കൾക്ക് അടുത്ത മാസം പലിശ നൽകേണ്ട അവസ്ഥയാണ്. വൈദ്യുതി വകുപ്പിന്റെ അനാസ്ഥമൂലം സാധാരണക്കാരന്റെ പണമാണ് നഷ്ടപ്പെടുന്നത്. പകൽ സമയങ്ങളിലെ വൈദ്യുതി നീയന്ത്രണം മൂലം കന്പ്യൂട്ടർ പ്രവർത്തിക്കാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം.
സമാന അവസ്ഥയാണ് ബാങ്കുകൾ ഉൾപ്പെടെയുള്ള മറ്റ് പണമിടപാട് സ്ഥാപനങ്ങളുടേയും അവസ്ഥ. അന്യസംസ്ഥാനത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് പണം അയച്ചുനൽകാനും രക്ഷിതാക്കൾ ബുദ്ധിമുട്ടുകയാണ്. കൂടാതെ കന്പ്യൂട്ടർവത്കരണത്തോടെ നിലച്ചുപോയ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടേയും അവസ്ഥ വ്യത്യസ്തമല്ല. കൊച്ചുകുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൈദ്യുതി നീയന്ത്രണം കടത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
സംസ്ഥാനപാത നവീകരണത്തോടെ നടക്കുന്ന പോസ്റ്റ് മാറ്റി സ്ഥാപിക്കലും, ടച്ചിംഗ് വെട്ടലുമാണ് വൈദ്യുതി നിയന്ത്രണം നടപ്പാക്കുന്നത്. ടച്ചിംഗ് വെട്ടും ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുകയാണ്. ടച്ചിംഗ് വെട്ടാൻ കരാർ നൽകുന്പോൾ ലൈനിനോട് ചേർന്നുള്ള മരങ്ങളുടെ തലപ്പ് മാത്രമാണ് വെട്ടിമാറ്റുന്നത്. ദിവസങ്ങൾക്കുള്ളിൽ മരം തളിർക്കുന്നതോടെ വീണ്ടും കരാർ നൽകുകയാണ് പതിവ്.
വൈദ്യുതി ലൈനിലേക്ക് വളർന്നുകിടക്കുന്ന റോഡിലെ മരത്തിന് പിഴയായി വനം വകുപ്പിൽ നിന്നും, സ്വകാര്യ വ്യക്തികളുടെ കൈയ്യിൽ നിന്നും ഈടാക്കിയാൽ പ്രസരണ നഷ്ടത്തിന് പരിഹാരവും, സാന്പത്തിക ലാഭവും വൈദ്യുതി വകുപ്പിന് ലഭിക്കുമെന്ന് ഗുണഭോക്താക്കൾ പറയുന്നു.
പോസ്റ്റ് മാറ്റിയിടീൽ ദിവസങ്ങളായി തുടരുന്നുണ്ടെങ്കിലും തകഴി-നീരേറ്റുപുറം സംസ്ഥാനപാതയിലെ പല പോസ്റ്റുകളും ഇപ്പോഴും നടപ്പാതയിലാണ് സ്ഥിതിചെയ്യുന്നത്. ഇതുമൂലം റോഡ് നവീകരണത്തിന്റെ ഭാഗമായി തുടരുന്ന നടപ്പാത കോണ്ക്രീറ്റ് ചെയ്യൽ പാതിയായി കിടക്കുകയാണ്. പോസ്റ്റ് മാറ്റി സ്ഥാപിക്കൽ സമയബന്ധിതമായി പൂർത്തിയാക്കി വൈദ്യുതി നിയന്ത്രണം ഒഴിവാക്കണമെന്ന് ഗുണഭോക്താക്കൾ ആവശ്യപ്പെടുന്നു.