തൃശൂർ: ഹൈക്കോടതി നിർദേശിച്ചിട്ടും പീച്ചി കെഎഫ്ആർഐയുടെ സമീപത്തു ഭൂഗർഭ ഇലക്ട്രിക് ലൈൻ വലിക്കുന്ന കാര്യത്തിൽ കെഎസ്ഇബിക്കു മെല്ലെപ്പോക്കു നയം. വിലങ്ങന്നൂർ, പീച്ചി, പട്ടിലം കുഴി അടക്കമുള്ള പ്രദേശങ്ങളിലെ വീട്ടുകാരും കർഷകരുമാണ് കെഎസ്ഇബിയുടെ അനാസ്ഥയെതുടർന്ന് ദുരിതം അനുഭവിക്കുന്നത്.
ഇവിടേക്കുള്ള ലൈനിൽ കെഎഫ്ആർഐയുടെ അവന്യൂ ട്രീ കാനോപ്പി നിൽക്കുന്ന രണ്ടു കിലോമീറ്റർ ദൂരത്തോളം മരക്കൊന്പുകളും മരങ്ങളും വീഴുന്നതുമൂലം പ്രദേശത്തു ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്നതു പതിവാണ്. ഈ ഭാഗത്തു ഭൂഗർഭ ലൈൻ വേണമെന്ന നാട്ടുകാരുടെ ആവശ്യമാണ് ഹൈക്കോടതി നിർദേശമുണ്ടായിട്ടും കെഎസ്ഇബി കണ്ടില്ലെന്നു നടിക്കുന്നത്.
ലൈൻ വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കഴിഞ്ഞ സർക്കാരിന്റെ കാലത്തു വൈദ്യുതി മന്ത്രിക്കു പരാതി നല്‍കിയിരുന്നു. തുടർന്നും പദ്ധതി നടക്കാതെ വന്നപ്പോഴാണ് ഡിസിസി ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതി നിർദേശമനുസരിച്ച് 2019 ജൂണ്‍ മാസത്തിനുള്ളിൽ ലൈൻപണി പൂർത്തിയാക്കാമെന്നു കെഎസ്ഇബി കോടതിയെ ബോധിപ്പിച്ചിരുന്നു. കോടതി ഉത്തരവ് പുറപ്പെടുവിച്ച് എട്ടുമാസം കഴിഞ്ഞിട്ടും നിർദേശിച്ച സമയത്തിനകം പണി പൂർത്തിയാക്കാനുള്ള നടപടികൾ കെഎസ്ഇബി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
റോഡിലൂടെ കേബിൾ ഇടുന്പോൾ കെട്ടിവയ്ക്കേണ്ടി വരുന്ന തുകയുടെ എസ്റ്റിമേറ്റ് പിഡബ്ല്യുഡി നവംബറിൽ കെഎസ്ഇബിക്കു നൽകിയിരുന്നു. എന്നാൽ ഈ തുക അടച്ച് അനുമതി വാങ്ങാൻ അധികൃതർ ഇതുവരെയും ശ്രമിച്ചിട്ടില്ലെന്നു ഷാജി കോടങ്കണ്ടത്ത് പറഞ്ഞു.