മേലൂർ: യാത്രക്കാരുടെ ജീവനു ഭീഷണിയായി വൈദ്യുതി പോസ്റ്റ്, സുരക്ഷ വേണമെന്ന് ആവശ്യം.കല്ലുകുത്തി – വെട്ടുകടവ് റോഡിൽ ഉദയപുരം ക്ഷേത്രത്തിനു സമീപമാണ് നാട്ടുകാർക്കും യാത്രക്കാർക്കും അപകട സാധ്യതയുയർത്തി വൈദ്യുതി പോസ്റ്റ് സ്ഥിതിചെയ്യുന്നത്.
കല്ലുകുത്തി – ചാലക്കുടി മാർക്കറ്റ് റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് റോഡ് വീതി കൂട്ടുന്നതിനായ് വൈദ്യുതി പോസ്റ്റുകൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ നേരത്തെ ഈ പ്രദേശങ്ങളിൽ നടന്നിരുന്നു.
റോഡ് പൊളിച്ചു മാറ്റുന്നതിന് ഇടയിൽ പോസ്റ്റിനോടു ചേർന്നുള്ള മണ്ണ് ഇളകി മാറി പോവുകയും താഴെ ഒരു ഭാഗം വ്യക്തമായി കാണുവാൻ സാധിക്കുന്നുണ്ടെന്നും ചരിവ് വന്നതായും യാത്രക്കാർ പറയുന്നു.
അപകട നിലയിലുള്ള പോസ്റ്റ് മറ്റൊന്നിനു താങ്ങു നിൽക്കുന്നതാണ്. മഴ വെള്ളത്തിൽ കൂടുതൽ മണ്ണ് ഒലിച്ചു പോകുന്ന സാഹചര്യമുണ്ടായാൽ വൈദ്യുതിപോസ്റ്റ് ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണ്.
ഇതു വഴി കടന്നുപോകുന്ന യാത്രക്കാരുടെ ജീവനു ഭീഷണിയാകുന്നുണ്ട്. അടിയന്തരമായി ബന്ധപ്പെട്ട അധികൃതർ പ്രശ്നപരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്നു നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.