ചാലക്കുടി: കെഎസ്ഇബി ചാലക്കുടി ഡിവിഷൻ വിഭജിച്ച് പോട്ടയിൽ പുതിയ ഡിവിഷൻ ഓഫീസ് ആരംഭിക്കുവാനുള്ള തീരുമാനം ഇനിയും നടപ്പിലാക്കിയില്ല. നഗരസഭസ്ഥലം അനുവദിക്കുകയാണെങ്കിൽ പുതിയ ഡിവിഷൻ ആരംഭിക്കുവാൻ വൈദ്യുതി ബോർഡ് 2012ൽ നടപടി തുടങ്ങിയതായിരുന്നു.
25000 ത്തിലധികം കണക്ഷനുകൾ ഉള്ള ചാലക്കുടിയിൽ ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് മനസിലാക്കി അന്നത്തെ നഗരസഭ ഇതുസംബന്ധിച്ച് പ്രമേയം പാസാക്കുകയും വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിന് നിവേദനം നൽകിയിരുന്നു.
ഇതിനു മന്ത്രി ബോർഡ് ചെയർമാന് നേരിട്ട് നിർദേശം നൽകിയതിനെത്തുടർന്നാണ് ബോർഡ് തീരുമാനം എടുത്തത്. ഇതുസംബന്ധിച്ച് ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ കത്ത് റിപ്പാർട്ടിനായി ചാലക്കുടി ഡിവിഷൻ എൻജിനീയർക്ക് ലഭിക്കുകയും സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.
ഇതിനെത്തുടർന്ന് നഗരസഭ പോട്ടയിൽ മിനി മാർക്കറ്റിന്റെ സ്ഥലത്തുനിന്നും 10 സെന്റ് സ്ഥലം ഡിവിഷൻ ഓഫീസ് ആരംഭിക്കുവാൻ വിട്ടുകൊടുക്കുവാൻ തീരുമാനിക്കുയും ചെയ്തിരുന്നു. നടപടി ക്രമങ്ങളിലുള്ള കാലതാമസം കണക്കിലെടുത്ത് പോട്ടയിൽ ഡിവിഷൻ ഓഫീസിനുവേണ്ടി കെട്ടിടം നൽകാമെന്നും നഗരസഭ അറിയിച്ചിരുന്നു. എന്നാൽ, പിന്നീട് ഇതിന്റെ നടപടികൾ ചുവപ്പുനാടയിൽ കുടുങ്ങിപോകുകയായിരുന്നു.
ഇതേസമയം ചാലക്കുടി കെഎസ്ഇബി ഓഫീസിൽ ജീവനക്കാരുടെ കുറവുമൂലം വൈദ്യുതി വിതരണം തന്നെ താളം തെറ്റിയ നിലയിലാണ്. വൈദ്യുതി തകരാർ സംഭവിച്ചാൽ അറ്റകുറ്റപ്പണികൾ നടത്താൻ വളരെയധികം കാലതാമസം നേരിടുകയാണ്. ഇരിങ്ങാലക്കുട സർക്കിളിനു കീഴിലുള്ള ഏറ്റവും വലിയ സെക്ഷൻ ഓഫീസായ ചാലക്കുടിയിൽ 26,000 ൽപ്പരം ഉപഭോക്താക്കളുണ്ട്. 4000ത്തിലധികം തെരുവുവിളക്കുകളും 600 വ്യവസായിക കണക്ഷനുകളുമുണ്ട്.
13 ഹൈടെൻഷൻ ഉപഭോക്താക്കൾ, ആറിലധികം 11 കെ.വി. ഫീഡറുകൾ എന്നിവയുമുണ്ട്. വരുമാനത്തിലും ഏറ്റവും മുന്നിലാണ്. ചാലക്കുടി ഡിവിഷൻ വിഭജിച്ച് പോട്ടയിൽ പുതിയ ഡിവിഷൻ ആരംഭിക്കേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുന്നു.
അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസംമൂലം ഉപഭോക്താക്കൾ വലയുകയാണ്. ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ വൈദ്യുതി ബോർഡ് അടിയന്തരമായി ചാലക്കുടി ഡിവിഷൻ വിഭജിക്കണമെന്ന് ആവശ്യം ഉയരുകയാണ്.