തിരുവനന്തപുരം: അയിരൂരിൽ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാർ മദ്യലഹരിയിൽ മോശമായി വീട്ടുകാരോട് പെരുമാറിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകി കെഎസ്ഇബി എംഡി. ബിജുപ്രഭാകർ.
സംഭവത്തെക്കുറിച്ച് കെഎസ്ഇബി വിജിലൻസ് വിഭാഗം അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അയിരൂർ സ്വദേശി രാജീവാണ് തന്നെയും കുടുംബത്തെയും ലൈൻമാൻ അപമാനിക്കുകയും അസഭ്യം പറഞ്ഞെന്നും കാട്ടി പോലീസിലും കെഎസ്ഇബിക്കും പരാതി നൽകിയത്.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ ജീവനക്കാരൻ മോശമായി പെരുമാറുകയും ഇതിനെതിരെ പോലീസിൽ പരാതി കൊടുത്ത വിരോധത്തിൽ തകരാർ പരിഹരിക്കാതെ തന്നെയും കുടുംബത്തെയും ഇരുട്ടിലാക്കിയെന്നാണ് പരാതി.
അതേസമയം രാജീവിനെതിരെ കെഎസ്ഇബിയും പോലീസിൽ പരാതി നൽകി. ജീവനക്കാരുടെ ജോലി തടസപ്പെടുത്തിയെന്നും തടഞ്ഞ് വച്ചുവെന്നാണ് കെഎസ്ഇബി ആരോപിക്കുന്നത്.