പേരാമ്പ്ര: ബിൽ അടയ്ക്കാത്തത് കാരണം ഫ്യൂസ് ഊരാനെ ത്തിയ കെഎസ്ഇബി ജീവനക്കാരനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ അടിച്ചു പരിക്കേൽപിച്ചതായി പരാതി. നൊച്ചാട് ചാത്തോത്ത് താഴ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി മാരാര് കണ്ടി സുൾഫിക്കറും സഹോദരൻ സദറുദ്ദീനും ചേർന്നാണ് നടുവണ്ണൂർ ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാരൻ കരിമ്പാലങ്കണ്ടി കാസിമിനെ മർദിച്ചത്.
ജീവനക്കാരനെ അക്രമിച്ചത് അന്വേഷിക്കാനെത്തിയ കെഎസ്ഇബി സബ് എൻജിനിയർ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പരിക്കേറ്റ കാസിമിനെ പേരാമ്പ്ര സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. കയ്യിലും വാരിയെല്ലിനുമാണ് പരിക്ക്. അസിസ്റ്റന്റ് എൻജിനീയറുടെ പരാതി പ്രകാരം പേരാമ്പ്ര പോലീസ് കേസെടുത്തു.