കോതമംഗലം: വൈദ്യുതി ബില്ല് അടയ്ക്കാത്തതിനു കണക്ഷൻ വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ലൈൻമാനെ വീട്ടുടമ മർദിച്ചു.
കീരന്പാറ ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ കോഴിപ്പിള്ളി ചിറയത്ത് സി.എൻ. സിബി(49)ക്കാണ് മർദനമേറ്റത്.
പരിക്കേറ്റ സിബിയെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷാ ഡ്രൈവർകൂടിയായ വെളിയേൽച്ചാൽ സ്വദേശി ബിന്റോയാണ് ലൈൻമാനെ മർദിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ബിൽ തുക അടയ്ക്കാത്തതിനാൽ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്ന് സിബി പറഞ്ഞു.
വീട്ടുടമ ക്ഷുഭിതനായി സിബിയുടെ നെഞ്ചിൽ ഇടിക്കുകയും, കഴുത്തിനു പിടിച്ചു തള്ളിയ ശേഷം ജോലി കളയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.