വൈക്കം: വൈദ്യുതി തടസപ്പെട്ടകാര്യം ഫോണിൽ വിളിച്ചറിയിക്കാൻ നാട്ടുകാർ ശ്രമിച്ചിട്ടു അധികൃതർ ഫോണെടുത്തില്ലെന്നു പരാതി. സഹികെട്ട നാട്ടുകാർ വൈദ്യുതി ഭവനിലെത്തിയപ്പോൾ സബ് എൻജിനിയറടക്കം ജീവനക്കാർ ടി.വി.യിൽ പന്തുകളി കണ്ടിരിക്കുകയായിരുന്നെന്നാണ് ആരോപണം. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കേനടയിലും വടക്കേനടയിലും ശനിയാഴ്ച വൈകുന്നേരം വൈദ്യുതി തടസപ്പെട്ടതോടെയാണ് ജനം പരാതിയുമായെത്തിയത്.
നിരവധി ഫോണ് കോൾ വന്നിട്ടും മറുപടി പറയാതെ ടിവി കണ്ടിരുന്ന ഉദ്യോഗസ്ഥരുടെ ചിത്രം നാട്ടുകാർ പകർത്തിയതോടെ പരാതിയുമായി എത്തിയവരുമായി ജീവനക്കാർ തർക്കത്തിലായി. പരാതി പറയാൻ എത്തിയ വരെ സംഘം ചേർന്നു തടഞ്ഞ ജീവനക്കാർ ദൃശ്യങ്ങൾ മായ്പ്പിച്ചശേഷമേ പരാതിക്കാരെ പോകാൻ അനുവദിച്ചുള്ളൂവെന്നു നാട്ടുകാർ കുറ്റപ്പെടുത്തി. ഇന്നലെ രാവിലെയാണ് അറ്റകുറ്റപ്പണി നടത്തി വൈദ്യുതി പുനഃസ്ഥാപിച്ചത്.
ഉപഭോക്താക്കളോടു സൗഹൃദപരമായി പെരുമാറാത്ത ജീവനക്കാരുടെ നടപടിയിൽ പ്രതിഷേധിച്ച് ഉന്നത അധികൃതർക്കു പരാതി നൽകാനുള്ള നീക്കത്തിലാണു നാട്ടുകാർ.