ചേര്‍ത്തല: കാനയ്ക്കുള്ളില്‍ കെഎസ്ഇബി ജീവനക്കാര്‍ ഇരുമ്പുകമ്പി കെട്ടിവലിച്ച് കുറ്റിനാട്ടിയത് നാട്ടുകാര്‍ക്ക് തലവേദനയാകുന്നു. ചേര്‍ത്തല ടിഡി ക്ഷേത്രത്തിന് വടക്കുള്ള ട്രാന്‍സ്ഫോര്‍മറിന്റെ സ്റ്റേ വയര്‍ കുറ്റിയടിച്ച് സ്ഥാപിച്ചിരിക്കുന്നത് കാനയ്ക്കുള്ളിലാണ്. ഇതുമൂലം കെഎസ്ഇബിയുടെ കുറ്റിയില്‍ തട്ടി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തടഞ്ഞുനിന്ന് കാനയുടെ നീരൊഴുക്ക് തടസപ്പെടുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
ചേര്‍ത്തല മുട്ടം മാര്‍ക്കറ്റില്‍ നിന്നും തുടങ്ങി കായലില്‍ അവസാനിക്കുന്ന കാനയിലാണ് സംഭവം. മുട്ടം മാര്‍ക്കിറ്റിലെ വേസ്റ്റുകളും പ്ലാസ്റ്റിക് കിറ്റുകളും മറ്റും ഒഴുകി നീരൊഴുക്ക് തടസപ്പെട്ടതിനെ തുടര്‍ന്ന് മുട്ടം പള്ളിക്കുവടക്കുള്ള കലുങ്ക് പുതുക്കി പണിയുകയാണ്.
ഇതോടൊപ്പം മുട്ടം മാര്ക്കിറ്റിനു തെക്കുള്ള കാനയുടെയും പുനര്‍നിര്‍മാണം നടക്കുന്നുണ്ട്. ചെറിയ മഴ പെയ്താല്‍പോലും ഈ ഭാഗത്ത് വെള്ളക്കെട്ടുണ്ടാകുകയും ഇതു പ്രദേശത്തെ നിരവധി വ്യാപാരസ്ഥാപനങ്ങള്‍ക്കും വീട്ടുകാര്‍ക്കും ഭീഷണിയാകുകയും ചെയ്തതോടെയാണ് കാനയുടെ നിര്‍മാണം ആരംഭിച്ചത്.
എന്നാല്‍ കാനയുടെ നിര്‍മാണം നടക്കുന്നതോടൊപ്പം അഴുക്കുമാലിന്യങ്ങള് സുഗമമായി പോകുന്നതിനുവേണ്ടിയുള്ള തടസങ്ങളും നീക്കം ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.