വെള്ളിക്കുളങ്ങര: നിർധന കുടുംബത്തിന് ഓണസമ്മാനമായി കെഎസ്ഇബി ജീവനക്കാർ വീട് വൈദ്യുതീകരിച്ചു നൽകി.
കൊടുങ്ങ ചീരക്കാട് തൊട്ടിയിൽ സുബൈദ മൊയ്തീന്റെ വീടാണ് വെള്ളിക്കുളങ്ങര ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാർ ചേർന്ന് വൈദ്യുതീകരിച്ച് നൽകിയത്.
കഴിഞ്ഞ ജൂണിൽ ഇവരുടെ വീട് ഇടിമിന്നലിൽ തകർന്നിരുന്നു. അർബുദ രോഗിയായ മകന്റെ ചികിത്സക്കു വേണ്ടി കുടുംബം ആശുപത്രിയിൽ പോയിരുന്ന സമയത്താണ് മിന്നലിൽ വീടിന്റെ ഭിത്തികളും വയറിംഗും നശിച്ചത്.
ഇതേ തുടർന്ന് വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഇവരുടെ ദുരിതാവസ്ഥ മനസിലാക്കിയ കെഎസ്ഇബി ജീവനക്കാർ തങ്ങളുടെ വേതനത്തിൽ നിന്ന് വിഹിതമെടുത്താണ് വയറിംഗിനാവശ്യമായ സാമഗ്രികൾ വാങ്ങിയത്.
വയറിംഗ് ജോലികൾ പൂർത്തിയാക്കിയതും ജീവനക്കാർ ചേർന്നാണ്. ഓണത്തിനുമുന്‍പ് പണി പൂർത്തിയാക്കി ഈ കുടുംബത്തിനു വെളിച്ചമെത്തിക്കാൻ കെ എസ്ഇബി ജീവനക്കാരുടെ കൂട്ടായ്മയ്ക്ക് കഴിഞ്ഞു.
വൈദ്യുതീകരിച്ചതിന്റെ സ്വിച്ച് ഓണ്‍ മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിർവഹിച്ചു.പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. നിജിൽ, വെള്ളിക്കുളങ്ങര സെക്ഷൻ അസി. എൻജിനീയർ ഗീതു ജി.മലയിൽ, സബ് എൻജിനീയർ സുനിൽകുമാർ, മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.