കോഴിക്കോട്: കനത്ത ചൂടാണ്…എങ്ങനെയെല്ലാം വൈദ്യുതി ഉപയോഗം നിയന്ത്രിക്കാം എന്ന കാര്യത്തില്‍ ഗവേഷണം നടത്തികൊണ്ടിരിക്കുകയാണ് കെഎസ്ഇബി. ഇപ്പോഴിതാ ആളുകളുടെ പതിവായുള്ള ശീലം ഒന്നുമാറ്റിപിടിക്കണമെന്ന നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ഇബി അധികൃതര്‍.
രാത്രിയിൽ വാഷിംഗ് മെഷീനിൽ തുണിയിട്ട് ഓൺ ചെയ്തതിനുശേഷം ഉറങ്ങാൻ പോകുന്ന ശീലം പലർക്കുമുണ്ട്. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനുമിടയിലുള്ള സമയത്തെ ക്രമാതീതമായ വൈദ്യുതി ആവശ്യകത കാരണം പലയിടങ്ങളിലും വൈദ്യുതി തടസമുൾപ്പെടെ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഈ ശീലം മാറ്റുന്നതു നന്നായിരിക്കും. വാഷിംഗ് മെഷീൻ പകൽ സമയത്ത് പ്രവർത്തിപ്പിക്കുന്നതാണ് അഭികാമ്യമെന്നും കെഎസ്ഇബി നിര്‍ദേശിച്ചു.
അതേസമയം മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഉപയോഗം കുറയാൻ കാരണമായെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. പ്രതിദിന ഉപയോഗം നൂറ് ദശലക്ഷം യൂണിറ്റിന് താഴെ എത്തിക്കുകയാണ് കെഎസ്ഇബി ലക്ഷ്യം.അതിനുള്ള വിവിധ നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ ദിനം പ്രതി എത്തുന്നുണ്ട്. ബുധനാഴ്ചയോടെ മഴ മെച്ചപ്പെടുമെന്ന കാലാവസ്ഥാ പ്രവചനങ്ങളും വകുപ്പിന് ആശ്വാസമാണ്.