അയർക്കുന്നം: വഴിവിളക്കുകൾ തെളിക്കുന്ന സർക്കാരിന്റെ നിലാവ് പദ്ധതിക്കെതിരേ അയർക്കുന്നം പഞ്ചായത്തിന്റെ പ്രതിഷേധം.
പഞ്ചായത്തിലെ മുഴുവൻ റോഡുകളിലെയും സ്ട്രീറ്റ് ലൈറ്റുകൾ തെളിക്കുന്നതിനായി സർക്കാരിന്റെ നിലാവ് പദ്ധതിപ്രകാരം 4000 എൽഇഡി ബൾബുകൾക്ക് ഓർഡർ നൽകിയിരുന്നു.
ബൾബുകൾ പോസ്റ്റുകളിൽ സ്ഥാപിക്കുന്നതിനുള്ള ഉത്തരവാദിത്വം കെഎസ്ഇബിക്കാണ്. ഇതുവരെ 700 ബൾബുകൾ മാത്രമാണ് ലഭ്യമായത്.
സർക്കാർ പദ്ധതി ആയതിനാൽ പഞ്ചായത്തുകൾക്ക് പിന്മാറാനും കഴിയില്ല. നിലവിൽ പോസ്റ്റുകളിലുള്ള കാലഹരണപ്പെട്ട ബൾബുകൾ മാറ്റിയിടാനും സാധിക്കുന്നില്ല.
സ്ട്രീറ്റ് ലൈറ്റുകളിൽ വെളിച്ചമില്ലാത്തതിന്റെ പേരിൽ പഞ്ചായത്തംഗങ്ങളാണു പൊതുജനങ്ങളുടെ പഴി കേൾക്കുന്നത്.
തുടർന്നു കഴിഞ്ഞ ശനിയാഴ്ച പഞ്ചായത്ത് പ്രസിഡന്റ് സീന ബിജുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം സർക്കാരിനും കെഎസ്ഇബിക്കുമെതിരേ പ്രതിഷേധ പ്രമേയം പാസാക്കി.
പ്രശ്നത്തിനു പരിഹാരമില്ലെങ്കിൽ കെഎസ്ഇബിക്കു മുന്നിൽ പ്രതിഷേധ ധർണയും സമരപരിപാടികളുമായി മുന്നോട്ടു പോകാനും പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമായി.
വൈസ് പ്രസിഡന്റ് വത്സല, അംഗങ്ങളായ കെ.സി. ഐപ്പ്, ജിജി നാകമറ്റം, ഷീന മാത്യു എന്നിവർ പങ്കെടുത്തു.