മണിയംകുന്ന്: മണിയംകുന്ന് പിഡബ്ല്യുഡി റോഡില്‍ ആലാനിക്കല്‍ ഭാഗത്ത് വൈദ്യുതിവകുപ്പിന്റെ മരണക്കെണിയെന്ന് നാട്ടുകാരുടെ പരാതി.
വീതിക്കുറവ് കാരണം നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുള്ള ആലാനിക്കല്‍ ഭാഗത്തെ കലുങ്കിനു സമീപം റോഡിനോടു ചേര്‍ന്ന് വൈദ്യുത പോസ്റ്റ് സ്ഥാപിച്ചാണ് മരണക്കെണിയൊരുക്കിയിരിക്കുന്നതെന്ന് നാട്ടുകാര്‍ അധികൃതര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
അപകടം ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പുമന്ത്രി, വൈദ്യുതിവകുപ്പുമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു നല്‍കിയിട്ടുള്ള പരാതിയില്‍മേല്‍ നാളിതു വരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
അപകടങ്ങള്‍ കൂടുതലായി ഉണ്ടാകത്തക്കവിധം റോഡിലെ വീതി കുറഞ്ഞ ഭാഗത്തെ കലുങ്കിനു സമീപം 11 കെവി ലൈനിനു വേണ്ടി വൈദ്യുത പോസ്റ്റ് സ്ഥാപിച്ചിരിക്കുകയാണെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.
പലയിടത്തും വൈദ്യുത ലൈനിലേക്കു മരങ്ങളുടെ ശിഖിരങ്ങളും വള്ളിപ്പടര്‍പ്പുകളും വീണുകിടന്ന് അപകടഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
ധാരാളം വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന ഈ റോഡിലെ അപകടഭീഷണി ഒഴിവാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.