
പാറത്തോട്: നാല് ദിവസമായി മുടങ്ങിക്കിടന്ന വൈദ്യുതി പുനഃസ്ഥാപിക്കാൻ ഒടുവിൽ കൈക്കുഞ്ഞുമായി കെഎസ്ഇബി ഓഫീസിൽ സമരം. ഇടക്കുന്നം കന്നുപറന്പിൽ നിഷാദും ഭാര്യ സബീനയുമാണ് കൈക്കുഞ്ഞുമായി പാറത്തോട് ഓഫീസിൽ സമരത്തിനെത്തിയത്.
ഇവരുടെ വീടിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽനിന്നുള്ള ചെറിയൊരു തകരാറുമൂലമാണ് വൈദ്യുതി ലഭിക്കാതിരുന്നത്. പ്രദേശത്ത് മറ്റ് വീടുകളിലെല്ലാം വൈദ്യുതി ഉള്ളപ്പോഴും നിഷാദിന്റെ വീട് മാത്രം നാല് ദിവസമായി ഇരുട്ടിലായിരുന്നു.
നിഷാദിന്റെ 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞും രോഗിയായ പിതാവുമുള്ള വീട്ടിൽ വൈദ്യുതി ലഭിക്കാതിരുന്നതിനെത്തുടർന്ന് ഇവർ ഏറെ ദുരിതത്തിലായി.
പരാതി പറയാനായി അന്പതോളം തവണ കെഎസ്ഇബി ഓഫീസിൽ വിളിച്ചതായും നിഷാദ് പറഞ്ഞു. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് കിട്ടുന്നതിനായി വാഹനം ഉൾപ്പെടെ എത്തിച്ച് നൽകാമെന്നറിയിച്ചിട്ടും പരാതി ക്രമം അനുസരിച്ചേ പരിഹരിക്കാൻ കഴിയുകയുള്ളൂവെന്നാണ് കെഎസ്ഇബി അധികൃതർ നല്കിയ വിശദീകരണം.
ഒടുവിൽ സഹികെട്ടാണ് ഇവർ കെഎസ്ഇബി ഓഫീസിലെത്തുന്നത്. എന്തായാലും നിഷാദും കുടുംബവും തിരികെ വീട്ടിൽ എത്തുന്നതിനു മുന്പുതന്നെ കെഎസ്ഇബി അധികൃതർ വീട്ടിലെത്തി വൈദ്യുതി പുനഃസ്ഥാപിച്ച് നൽകി.