കിഴക്കമ്പലം: കോരിച്ചൊരിയുന്ന മഴയോ കാറ്റോ എന്തുവന്നാലും കിഴക്കന്പലത്തു വൈദ്യുതി മുടങ്ങാറില്ല. അതിനാൽ തന്നെ കിഴക്കന്പലംകാർ ഒരേസ്വരത്തിൽ പറയും, കെഎസ്ഇബി സൂപ്പറാണെന്ന്.
കറന്റുപോയാല്‍ തകരാർ പരിഹരിക്കാന്‍ ഏതു പാതിരാത്രിയായാലും കെഎസ്ഇബി ജീവനക്കാരെത്തുമെന്ന് പ്രദേശവാസികൾ പറയും. കഴിഞ്ഞ പ്രളയകാലത്തായിരുന്നു കിഴക്കമ്പലത്ത് കെഎസ്ഇബിയുടെ പ്രവര്‍ത്തനം ഏറെ ശ്രദ്ധ നേടിയത്. ജില്ല മുഴുവന്‍ വൈദ്യുതി ഇല്ലാതെ ഇരുട്ടില്‍ തപ്പിയപ്പോള്‍ കിഴക്കമ്പലത്തെ സ്ഥിതി വ്യത്യസ്തമായിരുന്നു.
ശക്തമായ കാറ്റില്‍ നിരവധി മരങ്ങളാണ് വൈദ്യുതി സെക്ഷന്റെ പരിധിയില്‍ മറിഞ്ഞു വീണത്. എന്നാല്‍ അതെല്ലാം നിമിഷനേരം കൊണ്ട് പരിഹരിക്കപ്പെടും. സാധാരണ ഗതിയില്‍ വൈദ്യുതി ലഭിക്കാന്‍ വേണ്ടി മാത്രമുള്ള അറ്റകുറ്റപ്പണികളല്ല നടക്കുന്നത്.
പൂര്‍ണമായും തകരാർ പരിഹരിച്ചാണ് വൈദ്യുതി ലഭ്യമാക്കുന്നത്. അതിനു വേണ്ടി എത്ര മഴയായാലും 24 മണിക്കൂറും വിവിധയിടങ്ങളില്‍ ഈ ജീവനക്കാരുടെ സാന്നിധ്യവും ദൃശ്യമാണ്.