മുക്കം: വെള്ളപ്പൊക്കം ഇറങ്ങിയതോടെ ഓടിത്തളർന്ന് കെഎസ്ഇബിയും ഫയർ ഫോഴ്സും. മലയോര മേഖലയിലടക്കം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ട് ദിവസങ്ങളായി. ഇത് പുനഃസ്ഥാപിക്കാൻ കെ.എസ്.ഇ.ബി ജീവനക്കാർ മണിക്കൂറുകളോളം വിശ്രമമില്ലാതെ പരിശ്രമിക്കുകയാണ്.
വെള്ളപ്പൊക്കത്തെ തുടർന്ന് കെഎസ്ഇബിക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നിരവധി പോസ്റ്റുകൾ തകരുകയും ട്രാൻസ്ഫോർമറുകൾക്കും വൈദ്യുതി കമ്പികൾക്കും നാശനഷ്ടം സംഭവിക്കുകയും ചെയ്തു. മുക്കം നഗരം അടക്കമുള്ള പ്രധാന അങ്ങാടികളിൽ ഇന്നലെ രാവിലെ തന്നെ വൈദ്യുതി പുനസ്ഥാപിച്ചെങ്കിലും മിക്ക ഗ്രാമ പ്രദേശങ്ങളിലും ഇനിയും അതിനു സാധിച്ചിട്ടില്ല.
ഇൻവെട്ടറുകളിൽ അവശേഷിച്ച ചാർജും തീർന്നതിനാൽ വലിയ പ്രയാസത്തോടെയാണ് ഗ്രാമങ്ങൾ കഴിയുന്നത്. ബലിപെരുന്നാൾ കൂടി കണക്കിലെടുത്ത് യുദ്ധസമാന സാഹചര്യത്തിലാണ് കെ.എസ്.ഇ.ബി ജീവനക്കാർ പ്രവർത്തനങ്ങൾ നടത്തുന്നത്.
റോഡുകളിലെ ചളി നീക്കം ചെയ്യാനും മാർഗ തടസങ്ങൾ നീക്കാനുമാണ് നാട്ടുകാർ ഫയർഫോഴ്സിന്റെ സഹായം തേടുന്നത്. മേഖലയിലെ മിക്ക റോഡുകളിലും വെള്ളം കയറിയതിനാൽ ചളി നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിക്കാൻ ഫയർഫോഴ്സ് ജീവനക്കാർ വിശ്രമമില്ലാതെ പരിശ്രമിക്കുകയാണ്.