സ്വന്തം ലേഖകൻ
തൃശൂർ: ലോക്ക്ഡൗണ് നാളുകളിൽ വീട്ടിൽ ഫാനിനു താഴെ ടിവി കണ്ട് ഇരുന്നവർക്കു കെഎസ്ഇബി വക ഇരുട്ടടി ബിൽ. പലർക്കും ലഭിച്ചത് ഇരട്ടി തുകയുടെ ബില്ലാണ്.
ഒരു മാസത്തോളം മീറ്റർ റീഡിംഗ് മുടങ്ങിയതോടെ രണ്ടു മാസത്തെ ബില്ലിനു പകരം മൂന്നു മാസത്തെ ബില്ലാണ് മിക്കവർക്കും ലഭിച്ചത്. വൈദ്യുതി ഉപയോഗത്തിന്റെ തോതനുസരിച്ചുള്ള സ്ലാബ് അടിസ്ഥാനത്തിലാണ് ബിൽതുക ഈടാക്കുന്നത്.
നൂറുവരെ യുണിറ്റുകൾക്ക് ഓരോ യൂണിറ്റിനും 3.15 രൂപയാണു നിരക്ക്. 101 മുതൽ 200 വരെ യൂണിറ്റിനു നിരക്ക് 3.70 രൂപ. 201 മുതൽ 300 വരെ യൂണിറ്റിന് 4.80 രൂപയും 400 വരെ യൂണിറ്റിന് 6.40 രൂപയും അഞ്ഞൂറു വരെ യൂണിറ്റിന് 7.60 രൂപയുമാണു നിരക്ക്. അഞ്ഞൂറു യൂണിറ്റിലേറെ ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് 5.80 രൂപ എന്ന ഒറ്റ നിരക്കു മാത്രമാണ്.
ഈ സ്ലാബ് അനുസരിച്ച് 250 യൂണിറ്റു വൈദ്യുതി ഉപയോഗിച്ചിരുന്ന വീടുകളിൽ 925 രൂപയാണു വൈദ്യുതി ചാർജ് ചുമത്തുക. ലോക്ക്ഡൗണ്മൂലം ഒരു മാസം മീറ്റർ റീഡിംഗ് വൈകിയതുമൂലം മൂന്നുമാസത്തെ വൈദ്യുതി ഉപയോഗം 400 വരെ യൂണിറ്റായി.
150 യൂണിറ്റ് അധികമായി ഉപയോഗിച്ചതായി കണക്കാക്കിയതോടെ ഉപഭോക്താവിന്റെ ബാധ്യത അടുത്ത ഒന്നോ രണ്ടോ സ്ലാബുകൾക്കപ്പുറത്തേക്കു കടക്കും.
മുന്നൂറു യൂണിറ്റിനേക്കാൾ അധികം ഉപയോഗിച്ച നൂറു യൂണിറ്റു വരെയുള്ള ഓരോ യൂണിറ്റിനും ഉപഭോക്താവ് 1.60 രൂപ അധികമായി നൽകണം. 400 യൂണിറ്റ് ഉപയോഗിച്ചതിനു ബിൽ തുക 1,805 രൂപയാകും. ഇരട്ടിയാണു ബിൽതുക.
ലോക്ക്ഡൗണ്മൂലം എല്ലാവരും വീടുകളിൽ ഇരുന്നതിനാൽ ഫാനുകളും ടെലിവിഷനും എയർ കണ്ടീഷണറും അടക്കമുള്ള വീട്ടുപകരണങ്ങൾ കൂടുതലായി പ്രവർത്തിപ്പിച്ചിട്ടുണ്ടാകും. ഗാർഹിക ഉപഭോഗം ഇങ്ങനെ വർധിച്ചതിനാൽ ബിൽതുക വർധിച്ചതാണെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
എന്നാൽ, മീറ്റർ റീഡിംഗ് ഒരു മാസം വൈകിയതിനാലുണ്ടായ സ്ലാബ് മാറ്റമാണ് ഇരുട്ടടി ബില്ലിനു കാരണം. തങ്ങളുടേതല്ലാത്ത കാരണംകൊണ്ട് അധികബിൽ ചുമത്തുന്നതിനെതിരേ ഉപഭോക്തൃ കോടതികളെ സമീപിക്കാൻ ഒരുങ്ങുകയാണ് നിരവധി ഗാർഹിക ഉപഭോക്താക്കൾ.
എന്നാൽ, കെഎസ്ഇബി ഒഫീസിലെത്തി ഭീമമായ ബില്ലിനെതിരേ പരാതി നൽകുന്നവരുമുണ്ട്. പരാതികളുണ്ടെങ്കിൽ പരിഹരിക്കണമെന്നു കെ എസ്ഇബി ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്.