മുക്കം: വൈദ്യുതി ലൈനുകൾക്ക് സമീപം ലോഹ തോട്ടികൾ ഉപയോഗിക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി ലോഹത്തോട്ടികൾ ഉപയോഗിക്കുന്നത് മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ബോധവത്കരണത്തിന്റെ ഭാഗമായി കെഎസ്ഇബി മുന്നറിയിപ്പ് നൽകിയത്.
വൈദ്യുതി ലൈനുകൾക്ക് സമീപം ലോഹത്തോട്ടികൾ ഉപയോഗിച്ച് ചക്ക, മാങ്ങ, തേങ്ങ തുടങ്ങിയവ പറിക്കുന്പോൾ ഉണ്ടായ അപകടത്തിൽപ്പെട്ട് ഈ വർഷം ഇതു വരെ 46 പേർക്ക് ജീവൻ നഷ്ടമായതായും അതിനാൽ വൈദ്യുതി ലൈനുകൾക്ക് സമീപം ഒരു കാരണവശാലും ലോഹത്തോട്ടികൾ ഉപയോഗിച്ച് പ്രവർത്തികൾ ചെയ്യരുതെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.
അവരവരുടെ കീഴിൽ വരുന്ന സെക്ഷനുകളുടെ പരിധിയിൽ ഇതു സംബന്ധമായ ബോധവത്കരണം നടത്താൻ സത്വര നടപടികൾ കൈക്കൊള്ളണമെന്ന് ചീഫ് സേഫ്റ്റി ഓഫിസർമാർക്ക് കെഎസ്ഇബി നിർദേശം നൽകിയിട്ടുണ്ട്.
പ്രാദേശിക ടിവി ചാനലുകളിലൂടെയും മറ്റു രീതികളിലും ഓരോ സർക്കിളിലും ഈ മാസം തന്നെ മേൽപറഞ്ഞ പ്രകാരം സന്ദേശം പ്രചരിപ്പിച്ച ശേഷം അതിന്റെ റിപ്പോർട്ട് നവംബർ മാസം ആദ്യവാരം സമർപ്പിക്കണമെന്നും കെഎസ്ഇബി സെക്ഷൻ ഓഫിസുകൾക്ക് നൽകിയ നിർദേശത്തിൽ വ്യക്തമാക്കുന്നു.